തിരുവനന്തപുരം > സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തി വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലന കളരി തിങ്കളാഴ്ച ആരംഭിക്കുമെന്ന് ക്യാമ്പയിന് അംബാസഡര് നിമിഷ സജയന് അറിയിച്ചു. തിരുവനന്തപുരം മണ്വിളയിലെ അഗ്രികള്ച്ചറല് കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടില് ഉച്ചയ്ക്ക് 2ന് ചലച്ചിത്ര സംവിധായകന് ഷാജി എന് കരുണ് പരിശീലന കളരി ഉദ്ഘാടനം ചെയ്യും.
നാടകകൃത്തും സംവിധായകനുമായ കരിവെള്ളൂര് മുരളിയാണ് ക്യാമ്പ് ഡയറക്ടര്. ശ്രീജ പെരിങ്ങോട്ടുകര, റഫീക് മംഗലശ്ശേരി, സുധി, ശൈലജ പി അമ്പു, സാംസണ് സില്വ, നാരായണന് തുടങ്ങിയവര് പരിശീലകരാകും. ഡോ. ടി കെ ആനന്ദി, പ്രൊഫ. എ ജി ഒലീന, ഡോ. സുജ സൂസന് ജോര്ജ്ജ്, അമൃത റഹീം, വി എസ് ബിന്ദു, മാഗ്ഗി തുടങ്ങിയവരുടെ നേതൃത്വത്തില് നടത്തിയ ചര്ച്ചയിലാണ് കലാജാഥയ്ക്കുള്ള സ്ക്രിപ്റ്റുകള് തയ്യാറാക്കിയത്.
സംസ്ഥാനത്തെ പതിനാല് ജില്ലകളില് നിന്നും മൂന്ന് കലാകാരികള് വീതമാണ് സംസ്ഥാന പരിശീലന കളരിയില് പങ്കാളികളാവുക. ഇവര് അവരവരുടെ ജില്ലകളിലെ ജില്ലാ സ്ത്രീശക്തി കലാജാഥകളുടെ പരിശീലകരായിരിക്കും. ഫെബ്രുവരി ആദ്യവാരം എല്ലാ ജില്ലകളിലും കലാജാഥ പര്യടനം നടത്തും.
തദ്ദേശ ഭരണ പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില് എല്ലാ അയല്ക്കൂട്ട പ്രദേശങ്ങളിലേയും കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് സ്വീകരണകേന്ദ്രങ്ങള് ഒരുക്കുക. പ്രേക്ഷകര്ക്ക് അവിസ്മരണീയമായ കലാനുഭൂതി പകരുന്ന വിധത്തിലാണ് സ്ത്രീശക്തി വനിതാ കലാജാഥ ഒരുക്കുന്നതെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന് അംബാസഡര് നിമിഷ സജയന് വ്യക്തമാക്കി.