തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈസ് ചാൻസലറുടെ കത്ത് പുറത്ത്. കേരള സർവകലാശാല വൈസ് ചാൻസലർ മഹാദേവ് പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ കത്താണ് പുറത്തു വന്നത്.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച ചെയ്തെന്നും എന്നാൽ ഡി ലിറ്റ് നൽകേണ്ടതില്ല എന്ന തീരുമാനമാണ് സിൻഡിക്കേറ്റ് കൈക്കൊണ്ടതെന്നുമാണ് കത്തിൽ പരാമർശിക്കുന്നത്. ഡിസംബർ 7-ാം തീയതിയാണ് കേരള സർവകലാശാല വിസി ഗവർണർക്ക് കത്ത് നൽകിയിരിക്കുന്നത്.
ഗവർണർ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന ആവശ്യം മുന്നോട്ട് വെച്ച ശേഷം വിഷയം വൈസ് ചാൻസലർ സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച ചെയ്തിരുന്നു. അതിൽ ഉയർന്ന് വന്ന പ്രധാനപ്പെട്ട നിർദേശം രാഷ്ട്രപതിക്ക് സർവകലാശാല ഡി ലിറ്റ് നൽകുന്നത് പ്രോട്ടോക്കോൾ ലംഘനമാണ് എന്നതായിരുന്നു.
രാഷ്ട്രപതിക്ക് താഴെ വരുന്ന ഉദ്യോഗസ്ഥരാണ് ചാൻസലർ അടക്കമുള്ള ആളുകൾ. ഇത്തരം ഒരു ഡി ലിറ്റ് നൽകുന്ന വേദിയിൽ ചാൻസിലർ രാജ്യത്തിന്റെ സമുന്നത പദവിയിലിരിക്കുന്ന പ്രഥമ പൗരന് ഇത്തരത്തിൽ ഒരു ഡി ലിറ്റ് നൽകുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നും അനൗചിത്യമാണെന്നുമാണ് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിസി ഗവർണർക്ക് കത്ത് നൽകിയിരിക്കുന്നത്.
Content Highlights: D.Litt to President – VC dismissed Governors proposal – letter