പോലീസിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കുന്നതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും അഭിപ്രായം തേടുകയാണ് ആദ്യഘട്ടത്തിൽ സർക്കാർ ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായുള്ള ശുപാർശ പൊലീസ് ആസ്ഥാനത്ത് ലഭിച്ചതായാണ് റിപ്പോർട്ട്. പോലീസിൽ നിന്നുള്ള തീരുമാനം ലഭിച്ച ശേഷമായിരിക്കും സർക്കാർ അന്തിമനിലപാട് സ്വീകരിക്കുക.
വിഭാഗത്തെ സേനയിലെ ഏതൊക്കെ വിഭാഗങ്ങളിൽ ഉൾപ്പെടുത്താം എന്നതാണ് പ്രധാനമായും ചർച്ച ചെയ്യുക. റിക്രൂട്ട്മെൻ്റ് എങ്ങനെ നടത്താൻ കഴിയും, ഏതൊക്കെ മേഖലകളിലാകണം നിയമനം എന്നീ വിഷയങ്ങളിലാണ് എ.പി ബറ്റാലിയനോട് അഭിപ്രായം തേടിയിരിക്കുന്നത്. വിശദമായ റിപ്പോർട്ടാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടും പരിശീലന ചുമതലയുള്ള ബറ്റാലിയൻ എഡിജിപിയോടും സർക്കാർ ചോദിച്ചിരിക്കുന്നത്. ഇവർ നൽകുന്ന റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്യും.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം എഡിജിപി ഇൻ്റലിജൻസ് ശേഖരിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. ഈ റിപ്പോർട്ട് പഠിച്ച ശേഷം സേനയിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കണോ?, ഏത് മേഖലകളിൽ നിയമനം നടത്താം എന്നീ കാര്യങ്ങളിൽ ഡിജിപി നിലപാട് വ്യക്തമാക്കും. ഡിജിപി നൽകുന്ന റിപ്പോർട്ടായിരിക്കും സർക്കാർ പരിഗണിക്കുക.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കുന്നതിൽ അനുകൂല നിലപാടുകളാണ് അതാത് സർക്കാരുകൾ കൈക്കൊള്ളുന്നത്. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ എസ്ഐ ആയി നിയമിച്ചിരുന്നു. ഛത്തീസ്ഗഡിൽ 13 കോൺസ്റ്റബിൾ തസ്തികയിലേക്ക് ട്രാൻസ്ജെൻഡേഴ്സിനെ തെരഞ്ഞെടുത്തിരുന്നു. ട്രാൻസ്‍ജെന്‍ഡേഴ്സിനെ പോലീസിൽ നിയമിക്കുന്നതിനുള്ള നീക്കം കർണാടകയിലും ആരംഭിച്ചു.