തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് കല്ലിളക്കിയാൽ പല്ലു പോകുമെന്ന സിപിഎം സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസു പുലികൾ ബഹളമുണ്ടാക്കിയാൽ അതിനു മുന്നിൽ യു.ഡി.എഫ് തോറ്റുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സി.പി.എമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂർ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാൻ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങൾക്കു വേണ്ടിയാണ് യു.ഡി.എഫ് സമരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോവിഡിന്റെ മറവിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. നിയമപരമായ ഒരു നടപടിക്രമങ്ങളും പാലിക്കാതെ 1600 കോടി രൂപയുടെ പർച്ചേസാണ് കോവിഡ് കാലത്ത് സർക്കാർ നടത്തിയത്. ഇതിലെല്ലാം വ്യാപകമായ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
550 രൂപ വിലയുള്ള പി.പി.ഇ കിറ്റ് 1600 രൂപയ്ക്കാണ് വാങ്ങിയത്. മൂന്നിരട്ടി വില കൊടുത്തിട്ടും ഗുണനിലവാരമില്ലാത്ത കിറ്റുകളാണ് വാങ്ങിയത്. ഒരു കോടി ഗ്ലൗസുകൾ വാങ്ങിയതിലും അഴിമതി നടത്തിയിട്ടുണ്ട്. അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാതിരിക്കാൻ മൂവായിരത്തിലധികം കമ്പ്യൂട്ടർ ഫയലുകളും അഞ്ഞൂറിലധികം പേപ്പർ ഫയലുകളും നശിപ്പിച്ചു. ആരോഗ്യവകുപ്പിൽ നിന്നും അഞ്ഞൂറു ഫയലുകൾ കാണാതായി. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് അഴിമതി നടന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
Content Highlights: VD satheesan reply about MV jayarajan statement