കൊച്ചി: സംസ്ഥാനവ്യാപകമായി കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ ആസ്ഥാനമന്ദിരത്തിലും സോണൽ ഓഫീസുകളിലും റെയ്ഡ് നടന്നു. കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നതിലും നികുതിയിളവുകൾ നൽകുന്നതിലും ക്രമക്കേട് നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ‘ഓപ്പറേഷൻ നിർമാൺ’ എന്ന പേരിൽ വിജിലൻസ് മിന്നൽ റെയ്ഡ് നടത്തിയത്.
ഇതുകൂടാതെ, സാധാരണ ജനങ്ങൾ ഓൺലൈനിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയും ഏജന്റുമാർ നൽകുന്ന അപേക്ഷകൾക്ക് അനുവാദം നൽകുകയും ചെയ്യുന്നുവെന്ന പരാതിയുണ്ട്. ഇതോടൊപ്പം ഫയലുകൾ തീർപ്പാക്കാതെ വെച്ച് താമസിക്കുന്നതായും ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിൽ വരുന്നില്ലെന്നും വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ വിവരങ്ങൾ അടുത്തദിവസം വിജിലൻസ് വെളിപ്പെടുത്തും. രാവിലെ 11-നാണ് ഒരേസമയം ഓഫീസുകളിലെല്ലാം റെയ്ഡ് തുടങ്ങിയത്. റെയ്ഡ് വൈകുന്നേരംവരെ നീണ്ടുനിന്നു.
കോർപ്പറേഷന്റെ ഫോർട്ടുകൊച്ചി സോണൽ ഓഫീസിൽ വിജിലൻസ് പരിശോധനയ്ക്കിടെ നഗരസഭാ ജീവനക്കാരൻ കുഴഞ്ഞുവീണു. അറ്റൻഡർ ശെൽവരാജാണ് കുഴഞ്ഞുവീണത്. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. കുറേക്കാലമായി രോഗബാധിതനാണ് ശെൽവരാജ്.
തുടർന്ന്, ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെ തോപ്പുംപടി ബി.ഒ.ടി. പാലത്തിനടുത്തുവെച്ച് എതിരേവന്ന കാർ ഇടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റൊരു നഗരസഭാ ജീവനക്കാരൻ അനിൽകുമാറിന് പരിക്കേറ്റു. ഇരുവരെയും മറ്റൊരു സ്വകാര്യവാഹനത്തിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights :Vigilance raidon Corporation offices across the state