തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ വമ്പൻ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ.ഡി.ജി.പിമാരുടെ യോഗത്തിൽ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.
സർക്കാർ ശുപാർശ പോലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഇതിൽ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ചുമതലയുള്ള എ.പി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാൻസ്ജെൻഡേഴ്സിനെ സേനയിൽ കൊണ്ടുവന്നാൽ എങ്ങനെയാണ് ഉൾപ്പെടുത്താൻ കഴിയുക. എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക പരിശീലനമുൾപ്പെടെയുള്ള കാര്യങ്ങൾ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സർക്കാർ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. അതോടൊപ്പം തന്നെ ഏതൊക്കെ മേഖലകളിൽ ഇവരെ നിയോഗിക്കാൻ കഴിയും എന്നും പരിശോധിക്കും.
ലോ ആൻഡ് ഓർഡർ പോലെയുള്ള കാര്യങ്ങളിൽ നിയമിക്കാൻ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പരിശീല ചുമതലയുള്ള എ.പി ബറ്റാലിയൻ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എ.ഡി.ജി.പിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സർക്കാർ ശുപാർശയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്യും.
ഇതിനുശേഷം എ.ഡി.ജി.പി ഇന്റലിജൻസ് ആയിരിക്കും മൊത്തം അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് പോലീസ് സേനയുടെ അഭിപ്രായം എന്ന നിലയിൽ അറിയിക്കുക. ഈ അഭിപ്രായങ്ങൾ വിശദമായ സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിക്കും. തുടർന്ന് പോലീസ് സേനയിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കണമോ, ഏത് നിലയിൽ നിയമിക്കണം എന്നീ കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയായിരിക്കും സേനയുടെ അഭിപ്രായം എന്ന നിലയിൽ നിലപാട് വ്യക്തമാക്കുക.
Content Highlights: State government is preparing to includetransgender people inKerala Police force