തിരുവനന്തപുരം
ഹൈദരാബാദ് നിക്ഷേപകസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യം കേരളത്തിൽ നിക്ഷേപം നടത്താൻ സംരംഭകരുടെ ആത്മവിശ്വാസം ഉയർത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ മേഖലയിലേക്കും നിക്ഷേപകരെ ആകർഷിക്കാനുള്ള വ്യത്യസ്ത പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. അതിനുതകുന്ന ഗൃഹപാഠം കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തിലൂടെ നല്ല പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഉത്തരവാദിത്ത വ്യവസായമെന്ന സർക്കാർ കാഴ്ചപ്പാടിനനുസരിച്ച് കൂടുതൽ നിക്ഷേപത്തിനുള്ള സാധ്യതയുണ്ട്. വിവര സാങ്കേതികവിദ്യ, ഔഷധ നിർമാണം, വിനോദം, ജൈവ സങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. തെലങ്കാനയിലേക്ക് പോകുമെന്ന കിറ്റെക്സിന്റെ പ്രചാരണവുമായി ഹൈദരാബാദിലെ സംഗമത്തെ കൂട്ടിക്കെട്ടേണ്ട. വിവാദങ്ങളെ മാറ്റിനിർത്തി പരമാവധി സംരംഭകരെ ആകർഷിക്കാനുള്ള നടപടിയാണ് സർക്കാരിന്റേത്. അതിനുള്ള നിയമനടപടികളും എടുക്കുന്നു.
സംരംഭകർക്ക് സർക്കാർ സംവിധാനങ്ങളിൽ സാങ്കേതികവിദ്യയുടെ മികവാർന്ന ഉപയോഗവും സുതാര്യതയും ഉറപ്പാക്കും. നിക്ഷേപക സംഗമംപോലെ മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി ഉൾപ്പെടെ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.