തിരുവനന്തപുരം
വകുപ്പു മേധാവികളെ മുൻകൂട്ടി അറിയിക്കാതെ സർക്കാർ ജീവനക്കാർക്ക് സ്വത്ത് സ്വന്തമാക്കാനും വിൽക്കാനുമുള്ള പരിധി അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിരട്ടി തുകയായി വർധിപ്പിച്ചു. നിലവിലെ 25,000 രൂപയെന്ന പരിധിയാണ് കൂട്ടിയത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് വിജ്ഞാപനം ഇറക്കി. പരിധി കാലോചിതമായി പരിഷ്കരിക്കണമെന്ന ജീവനക്കാരുടെ ആവശ്യമാണ് യാഥാർഥ്യമായത്.
ജീവനക്കാരും അധ്യാപകരും സ്വത്ത് (ചലിക്കുന്നതോ ചലിക്കാത്തതോ) വാങ്ങുന്നതും വിൽക്കുന്നതും സർവീസ് ചട്ടപ്രകാരം സർക്കാരിനെ അറിയിക്കണം. എല്ലാ വർഷവും ജനുവരി 15നകം സ്വത്ത് സംബന്ധിച്ച് നൽകുന്ന റിപ്പോർട്ടിലും ഇക്കാര്യം ഉൾപ്പെടുത്തണം. പണത്തിന്റെ സ്രോതസ്സും കാണിക്കണം. നേരത്തേ ഇവ പ്രത്യേക ഫോറം പൂരിപ്പിച്ച് നൽകാറാണ്. ഇപ്പോൾ ഓൺലൈനായി സ്പാർക്കിൽ നൽകാം. 2009ലാണ് അവസാനമായി മുൻകൂട്ടി അറിയിക്കാതെയുള്ള ഇടപാടിന്റെ പരിധി ഉയർത്തിയത്. 25,000 രൂപയായതിനാൽ ഇതിനുമുകളിലുള്ള വീട്ടുപകരണം വാങ്ങിയാൽപ്പോലും സർക്കാരിനെ അറിയിക്കണമായിരുന്നു. ഇതാണിപ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിരട്ടിയാക്കിയത്.















