മൂഡബിദ്രി (മംഗളൂരു)
അഖിലേന്ത്യ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിൽ തുടർച്ചയായ നാലാംതവണയും മംഗളൂരു സർവകലാശാലയ്ക്ക് പുരുഷ കിരീടം. ആറ് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമടക്കം 105 പോയിന്റോടെയാണ് നേട്ടം. മംഗളൂരുവിനായി മെഡലുകളെല്ലാം നേടിയത് ആതിഥേയരായ ആൽവാസ് കോളേജിലെ താരങ്ങളാണ്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള അഞ്ഞൂറിലധികം താരങ്ങളെയാണ് ആൽവാസ് കോളേജ് മൂഡബിദ്രിയിൽ എത്തിച്ച് പരിശീലനം നൽകുന്നത്. മികച്ച താരങ്ങൾക്ക് പരിശീലനം, താമസം, ഭക്ഷണം എന്നിവയ്ക്കുപുറമെ 10,000 മുതൽ 20,000 രൂപവരെ മാസം നൽകുന്നു.
നാൽപ്പത്തിരണ്ട് പോയിന്റുമായി പഞ്ചാബിലെ ലൗവ്ലി സർവകലാശാല രണ്ടാമതും 37 പോയിന്റുമായി മഹർഷി ദയാനന്ദ സർവകലാശാല മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഒന്നുവീതം സ്വർണം, വെള്ളി, രണ്ട് വെങ്കലവുമായി 23 പോയിന്റ് നേടി കോട്ടയം എംജി സർവകലാശാല നാലാംസ്ഥാനത്തുണ്ട്. ഒരു വെള്ളി മാത്രം നേടിയ കലിക്കറ്റിന് 14 പോയിന്റാണ്. ഒരു വെങ്കലമുള്ള കേരള സർവകലാശാലയ്ക്ക് നാല് പോയിന്റ്.
അവസാനദിവസം 400 മീറ്റർ ഹർഡിൽസിൽ കലിക്കറ്റ് സർവകലാശാലയുടെ എ രോഹിത് (52.25 സെക്കൻഡ്) വെളളി നേടി. പാലക്കാട് വിക്ടോറിയ കോളേജിലെ രണ്ടാംവർഷ ചരിത്ര ബിരുദ വിദ്യാർഥിയാണ്. കണ്ണൂർ അഴീക്കോട് സൗത്തിലെ ധനേശൻ–സ്വപ്ന ദമ്പതികളുടെ മകനാണ്. അർജുൻ ഹരിദാസാണ് പരിശീലകൻ. 4×400 മീറ്റർ റിലേയിൽ എംജിക്ക് വെങ്കലം ലഭിച്ചു. എസ് അജയ്, സി ആർ അനിരുദ്ധൻ, മനു റോഷൻ, ജെറിൻ റോണി എന്നിവരാണ് ഓടിയത്.
പട്യാല സർവകലാശാലയുടെ അക്ഷ്ദ്വീപ് സിങ് 1077 പോയിന്റുമായി വ്യക്തിഗത ചാമ്പ്യനായി. മീറ്റിൽ ആകെ എട്ട് റെക്കോഡുകളുണ്ടായി. വനിതകളുടെ മീറ്റ് 12 മുതൽ 15 വരെ ഒഡിഷയിലാണ്.















