കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് നീതു രാജ് രണ്ടുദിവസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്തത് സുഹൃത്ത് മറ്റൊരാളെ വിവാഹംചെയ്യുന്നത് തടയാൻ. ഇയാളുടെ കുഞ്ഞിനെ പ്രസവിച്ചുവെന്ന് സ്ഥാപിച്ച് വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കലായിരുന്നു ലക്ഷ്യം. കളമശേരിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിയായ നീതു രാജി(33)നെതിരെ കേസെടുത്തുവെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ ഗർഭിണിയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നീതു ഭർത്താവിനെയും കളമശേരി സ്വദേശിയായ സുഹൃത്ത് ഇബ്രാഹിം ബാദുഷയെയും വീട്ടുകാരെയും അറിയിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ ഗർഭം അലസി. ഈ വിവരം വിദേശത്തുള്ള ഭർത്താവിനെ അറിയിച്ചു. ബാദുഷയെ അറിയിച്ചില്ല. പത്തുമാസം കഴിഞ്ഞിട്ടും പ്രസവിക്കാത്തതെന്തെന്ന് തിരക്കിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണംചെയ്തത്. ചൊവ്വ വൈകിട്ട് 6.30ന് ഹോട്ടലിൽ മുറിയെടുത്ത നീതു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തിനെത്തിയതാണെന്ന് ബാദുഷയെ അറിയിച്ചു. വ്യാഴം പകൽ നാലിന് കുഞ്ഞുമായുള്ള സെൽഫിയെടുത്ത് ബാദുഷക്കും വീട്ടുകാർക്കും അയച്ചു. ബന്ധുക്കളെ വീഡിയോകോൾ വിളിച്ചും സംസാരിച്ചു. തന്റെ കുഞ്ഞാണന്നും ഇവരെ വിശ്വസിപ്പിച്ചു. രാത്രി കളമശേരിയിൽനിന്നാണ് ബാദുഷയെ കസ്റ്റഡിയിലെടുത്തത്. തട്ടികൊണ്ടുപോകലിൽ പങ്കില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഏറ്റുമാനൂർ ചീഫ് ജുഡീഷ്യൽ മജ്സ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നീതുവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആരോഗ്യവകുപ്പ് അന്വേഷിക്കും
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ആശുപത്രികൾക്ക് മന്ത്രി കർശന നിർദേശവും നൽകി.