കൊച്ചി: സസ്പെൻഷൻ പിൻവലിക്കുന്നതിന് മുന്നോടിയായി എം. ശിവശങ്കരനെതിരേയുള്ള കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടും അവ നൽകിയില്ലെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ വാദം തള്ളി കസ്റ്റംസ്. ശിവശങ്കരനെതിരേയുള്ള രണ്ട് കേസിന്റെയും വിശദാംശങ്ങളെല്ലാം വ്യക്തമായി വിശദീകരിച്ച് ചീഫ് കമ്മിഷണറുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ഡിസംബർ 30-നകം ശിവശങ്കരനെതിരേയുള്ള കേസിന്റെ വിശദാംശങ്ങൾ ചോദിച്ച് കത്ത് നൽകിയിട്ടും കസ്റ്റംസ് വിശദീകരണം നൽകിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വാദം. ഡിസംബർ അവസാനം തന്നെ ഇതുസംബന്ധിച്ച കത്ത് ചീഫ് കമ്മീഷണറുടെ ഓഫീസിൽനിന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് മെയിൽ അയച്ചിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ വാദം തള്ളി കസ്റ്റംസ് വ്യക്തമാക്കുന്നത്.
സ്വർണക്കടത്ത്, ഡോളർ കടത്ത് എന്നീ രണ്ട് കേസുകളാണ് ശിവശങ്കരനെതിരേയുള്ളത്. ഇതിൽ സ്വർണ്ണക്കടത്ത് കേസിൽ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഈ കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നുമുള്ള കാര്യങ്ങൾ വിശദീകരിച്ചുള്ള കത്താണ് ചീഫ് സെക്രട്ടറിക്ക് നൽകിയതെന്നാണ് കസ്റ്റംസ് പറയുന്നത്.
അതിനിടെ ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസിന്റെ നീക്കം. തുടർനടപടികളിലേക്ക് കടക്കുകയാണെന്നും ചിലരെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കസ്റ്റംസ് പറയുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ പരിഗണിച്ചുകൊണ്ടാണ് ശിവശങ്കനെ സർവീസിൽ തിരിച്ചെടുത്തത്. നേരത്തെ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കരൻ സർവീസിൽനിന്ന് പുറത്തായത്.
content highlights:customs denied chief secretary argument in sivasankaran case