കൊച്ചി > ‘തിരുവനന്തപുരത്തു നിന്ന് കൊല്ലംവരെ 20 മിനുട്ടു കൊണ്ടും തിരുവനന്തപുരത്തു നിന്ന് കൊച്ചിവരെ 53 മിനിറ്റു കൊണ്ടും സഞ്ചരിക്കാം. ഹൈസ്പീഡ് റെയില്വേ ലൈന് റോഡപകടങ്ങള് 30 ശതമാനം കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഓരോ വര്ഷവും 2400 പേരുടെ ജീവന് രക്ഷപ്പെടും’‐ 2016ൽ മാതൃഭൂമിയിൽ ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇ ശ്രീധരൻ എഴുതിയ ലേഖനത്തിലെ വരികളാണിത്. അഞ്ച് വർഷത്തിനിപ്പുറം കെ‐റെയിൽ പദ്ധതിയെ മുടന്തൻ വാദങ്ങൾ ഉന്നയിച്ച് എതിർക്കുമ്പോൾ വീണ്ടും ചർച്ചയാകുകയാണ് ശ്രീധരന്റെ മാതൃഭൂമിയിലെ പഴയ ലേഖനം. ഇതിലൂടെ പുറത്താകുന്നത് വിഷയത്തിലെ ഇരട്ടത്താപ്പും.
‘ഹൈസ്പീഡ് റെയില് എത്രകാലം നീട്ടിക്കൊണ്ടുപോകും’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിൽ ഹൈസ്പീഡ് റെയിലിന്റെ റൂട്ട്, ഹൈസ്പീഡ് റെയിലിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴുള്ള സമയ ലാഭം, പദ്ധതി നടപ്പിലായാൽ റോഡപകടങ്ങളിലുണ്ടാകുന്ന കുറവ്, ഗതാഗത കുരുക്കിൽ നിന്നുള്ള മോചനം എന്നിവ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
അതിവേഗം സഞ്ചരിക്കുന്ന ഹൈസ്പീഡ് റെയിലിൽ തിരുവനന്തപുരത്തു നിന്ന് കൊല്ലംവരെ 20 മിനുറ്റുകൊണ്ടും തിരുവനന്തപുരത്തു നിന്ന് കൊച്ചിവരെ 53 മിനിറ്റുകൊണ്ടും തിരുവനന്തപുരത്തു നിന്ന് കോഴിക്കോടുവരെ 98 മിനിറ്റുകൊണ്ടും കണ്ണൂര്വരെ രണ്ടുമണിക്കൂര്കൊണ്ടും സഞ്ചരിക്കാമെന്നുമുൾപ്പെടെ വിശദമായി ശ്രീധരൻ വിവരിക്കുന്നു.
‘എട്ടുവരി മോട്ടോര്വേയെ അപേക്ഷിച്ച് ഈ അതിവേഗ റെയില്വേലൈനിന്റെ പ്രധാനമേന്മ റോഡിനുവേണ്ടി 70 മീറ്റര് വീതിയില് സ്ഥലം ഏറ്റെടുക്കുന്നതിന് പകരം 20 മീറ്റര് വീതി മതിയെന്നതാണ്. റോഡിനെ അപേക്ഷിച്ച് അതിവേഗ റെയില്വേ ലൈനിന്റെ വാഹനശേഷി ഏതാണ്ട് ഇരട്ടിയായിരിക്കും. നോക്കിനടത്തിപ്പിന്റെ മൂലധനച്ചെലവും റോഡ് നോക്കിനടത്തല്ച്ചെലവും ഇന്ധനച്ചെലവുമെല്ലാം കൂട്ടിയാല് റെയില് യാത്രയുടെ ഇരട്ടിയാകും മൊത്തം ചെലവ്’.
‘യാത്രക്കാരന് കിലോമീറ്ററിന്റെ ചെലവ് നോക്കിയാല് റോഡ് ഗതാഗതത്തിന്റെ ആറിലൊന്നുമാത്രമേ റെയില് വഴിയുണ്ടാകൂ. പോരെങ്കില് മലിനീകരണം കുറവായിരിക്കും, റോഡപകടങ്ങള് കുറയും. റോഡിലൂടെയുള്ള സഞ്ചാരത്തിന്റെ നാലിലൊന്ന് സമയമേ റെയില്വഴി വേണ്ടിവരൂ.’‐ ശ്രീധരൻ ലേഖനത്തിൽ പറയുന്നു.
‘ഹൈസ്പീഡ് റെയില്വേ ലൈന് റോഡപകടങ്ങള് 30 ശതമാനം കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഓരോ വര്ഷവും 2400 പേരുടെ ജീവന് രക്ഷപ്പെടും. ഇതുതന്നെ ഹൈസ്പീഡ് റെയിലിനുവേണ്ട ന്യായമാണ്. ഓരോ വര്ഷവും 1000 വാഹനങ്ങള് രജിസ്റ്റര് ചെയ്യപ്പെടുന്ന കേരളത്തില് ഗതാഗതക്കുരുക്കുകളിലും റോഡപകടങ്ങളിലും ഉണ്ടാകാന് പോകുന്ന വര്ധന ആലോചിക്കാവുന്നതേയുള്ളൂ’.
‘1964ല് ടോക്യോയ്ക്കും ഒസാക്കയ്ക്കും ഇടയില് ബുള്ളറ്റ് ട്രെയിനുകള് അവതരിപ്പിച്ചത്, വര്ധിതമായ സാമ്പത്തികപ്രവര്ത്തനങ്ങള്കൊണ്ടുമാത്രം ജപ്പാന്റെ മുഖച്ഛായ മാറ്റി. തിരുവനന്തപുരം മുതല് കണ്ണൂര്വരെയുള്ള ഹൈസ്പീഡ് റെയില്വേലൈന് സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന്റെ നവയുഗം അവതരിപ്പിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് എന്റെ അഭിപ്രായം’.‐ എന്ന് പറഞ്ഞു കെണ്ടാണ് ശ്രീധരൻ ലേഖനം അവസാനിപ്പിക്കുന്നത്.
ജനങ്ങളോടെപ്പം നിന്ന് മാത്രമേ പദ്ധതി നടപ്പിലാക്കുവെന്നും പദ്ധതിയ്ക്കായി ഭൂമി വിട്ടുനൽകുന്ന ഒരാൾക്കും ദുഖിക്കേണ്ടി വരില്ലെന്നും സർക്കാർ ആവർത്തിക്കുമ്പോഴും മുടന്തൻ വാദങ്ങൾ ഉന്നയിച്ച് പദ്ധതിയെ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് ശ്രീധരന്റെ മുൻ നിലപാട്.