തിരുവനന്തപുരം: സി.പി.എം സമ്മേളനങ്ങളിൽ പോലീസിനെതിരേ വിമർശനങ്ങളുണ്ടായെന്ന് സ്ഥിരീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരാനുള്ള സ്വാഭാവികമായ വിമർശനങ്ങൾ മാത്രമാണുണ്ടായതെന്നുംഅദ്ദേഹം പറഞ്ഞു. പോലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നു.
ജില്ലാ സമ്മേളനങ്ങളിൽ പോലീസിനെതിരെ വ്യാപകമായ വിമർശനമുണ്ടായിരുന്നു. പോലീസ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഒഴിയണമെന്നതരത്തിൽ പോലും വിമർശനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ കഴിഞ്ഞ ദിവസം തന്നെ കോടിയേരി തള്ളിയിരുന്നു. സിപിഎം നേതൃത്വം നൽകുന്ന മുന്നണിയാണ് സർക്കാരിന് നേതൃത്വം നൽകുന്നത്. എന്നാൽ ഒരു വകുപ്പിന്റേയും കുത്തക പാർട്ടി ഏറ്റെടുത്തിട്ടില്ലെന്നാണ് കോടിയേരിയുടെ ലേഖനത്തിലെ ഒരു പ്രതിരോധം.
ജനങ്ങൾ രണ്ടാമത് ഒരു അവസരം കൂടി നൽകിയ സർക്കാർ ഒരു പാർട്ടിയുടേയും കുത്തകയല്ല. ജനകീയ സർക്കാർ എല്ലാവരുടേയുമാണ്. അതായത് പാർട്ടി നേരിട്ട് പോലീസിനെ നിയന്ത്രിക്കുന്നില്ലെന്നാണ് ഇതിലൂടെ കോടിയേരി പറഞ്ഞുവയ്ക്കുന്നത്. അരലക്ഷത്തിലധികം ആളുകൾ പ്രവർത്തിക്കുന്ന പോലീസ് സേന യന്ത്രമനുഷ്യരല്ല. എന്നാൽ സംസ്കാരത്തിന് നിരക്കാത്ത പെരുമാറ്റം പുറത്തെടുക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും കോടിയേരി പറയുന്നു. നയസമീപനത്തിൽ ഊന്നിയുള്ള വിമർശനങ്ങൾ മാത്രമാണ് ഉണ്ടായതെന്നും കോടിയേരി വ്യക്തമാക്കി.
Content Highlights: kodiyeri confirms criticism against police in party conferences