ന്യൂഡൽഹി
ഹരിയാനയിൽ വേതനവർധന ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരുടെ ഉജ്വലപ്രക്ഷോഭം. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ മണ്ഡലം കർണാലിൽ നടന്ന ‘ആക്രോശ് റാലി’യിൽ കാൽലക്ഷത്തോളം അങ്കണവാടി ജീവനക്കാരും സഹായികളും അണിനിരന്നു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ് സമരം.
അങ്കണവാടി ജീവനക്കാർക്കും സഹായികൾക്കും ഓണറേറിയം വർധിപ്പിക്കുമെന്ന് 2018ൽ കേന്ദ്രസർക്കാർ ഉറപ്പുനൽകിയെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 12 മുതൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. 2021 ഡിസംബർമുതൽ ഹരിയാനയിലെ 22 ജില്ലയിലെയും 26,000 അങ്കണവാടിയുടെ പ്രവർത്തനം നിലച്ച മട്ടാണ്. സിഐടിയു ദേശീയ സെക്രട്ടറി എ ആർ സിന്ധു, അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഹെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഉഷാറാണി, സിഐടിയു ഹരിയാന പ്രസിഡന്റ് സുരേഖ, വൈസ് പ്രസിഡന്റ് സത്വീർസിങ് തുടങ്ങിയവർ സംസാരിച്ചു.