ന്യൂഡൽഹി
ഇറ്റലിയിലെ പുതുവത്സരാഘോഷം കഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനുവരി പകുതിക്കുമുമ്പ് തിരിച്ചെത്തില്ലെന്ന് സൂചന. ഇതോടെ കോവിഡ് വ്യാപനത്തിന്റെ പേരുപറഞ്ഞ് പഞ്ചാബ്, യുപി തെരഞ്ഞെടുപ്പ് റാലികൾ കോൺഗ്രസ് ഉപേക്ഷിച്ചു. അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുൽ തുടർച്ചയായി വിദേശത്തേക്ക് പോകുന്നത് കോൺഗ്രസിനുള്ളിൽ ചർച്ചയായി. രഹസ്യയോഗത്തിൽ പങ്കെടുക്കാനാകും രാഹുൽ വിദേശത്ത് പോയതെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദു പറഞ്ഞത് വിവാദമായി. ജി–-23 നേതാക്കളും രാഹുലിന്റെ വിദേശയാത്രകളെ വിമർശിക്കുന്നു.
രാഹുലിന്റെ അസാന്നിധ്യത്തിൽ പഞ്ചാബിലും ഉത്തരാഖണ്ഡിലും വീണ്ടും ഗ്രൂപ്പുപോര് കനത്തു. പഞ്ചാബിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു തന്നെ ഉയർത്തിക്കാട്ടണമെന്ന് സിദ്ദുവും സിദ്ദുവിനെ പാർടിയിൽനിന്ന് പുറത്താക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെടുന്നു.
ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് പക്ഷവും എഐസിസി ചുമതലക്കാരനായ ദേവേന്ദർ യാദവ് പക്ഷവും തമ്മിലാണ് പോർവിളി. എഐസിസി ചുമതലപ്പെടുത്തിയവർ തന്റെ കൈയും കാലും ബന്ധിച്ചിരിക്കയാണെന്ന് ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചിരുന്നു. മുൻ പിസിസി അധ്യക്ഷൻ കിഷോർ ഉപാധ്യായ മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും കോൺഗ്രസിന് നാണക്കേടായി. കോൺഗ്രസ് മുഖ്യപ്രതിപക്ഷമായ ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലും സംഘടനാ പ്രശ്നങ്ങൾ രൂക്ഷമാണ്.