കൊച്ചി
സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫും ബിജെപിയും ഉയർത്തുന്ന കടുത്ത എതിർപ്പിന് കാരണം നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പദ്ധതിയുടെ ആരംഭംമുതൽ പ്രതിപക്ഷത്തെയും കണക്കിലെടുത്താണ് സർക്കാർ മുന്നോട്ടുപോയത്. അന്നൊന്നും അവർക്കില്ലാത്ത എതിർപ്പാണ് ഇപ്പോൾ. കാരണം തെരഞ്ഞെടുപ്പിനുശേഷമുണ്ടായ പ്രത്യേക സാഹചര്യമാണ്. ജനസമക്ഷം സിൽവർലൈൻ എന്ന പരിപാടിയുടെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച പൗരപ്രമുഖരുടെയും സാങ്കേതികവിദഗ്ധരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി സഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന തരത്തിൽ ചില മാധ്യമവാർത്തകൾ വന്നിരുന്നു. അത് ശരിയല്ല. പദ്ധതിയെക്കുറിച്ച് എംഎൽഎമാരുമായാണ് ആദ്യം ചർച്ച ചെയ്തത്. അന്ന് യുഡിഎഫിലെ ചില നേതാക്കൾ ചോദിച്ച സംശയങ്ങൾക്ക് മറുപടി നൽകിയത് കെ–-റെയിൽ എംഡി വി അജിത്കുമാറാണ്. സഭയിൽ പ്രധാന കക്ഷിനേതാക്കൾ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അടിയന്തരപ്രമേയവും കൊണ്ടുവന്നു. അതിനും മറുപടി നൽകി. പ്രതിപക്ഷാംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കും സഭയിൽ മറുപടി നൽകി. എന്നിട്ടും പദ്ധതിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് ഇപ്പോഴാണെന്നമട്ടിലാണ് അവരുടെ വാദം.
നാടിന്റെ ആവശ്യം എന്നനിലയിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്. സഹകരിക്കണമെന്നാണ് അഭ്യർഥന. ഇപ്പോഴിത് പറ്റില്ലെന്നാണെങ്കിൽ, പിന്നെ എപ്പോഴാണ് എന്നും നമ്മൾ ആലോചിക്കണം. മാറ്റങ്ങൾ കാലാനുസൃതമാണ്. പിന്നോട്ടുപോയാൽ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനാകില്ല. കൂടംകുളത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള പവർഹൈവേയും ഗെയിൽ പൈപ്പുലൈൻ പദ്ധതിയും യുഡിഎഫ് സർക്കാർ നടപ്പാക്കാനാകാതെ ഉപേക്ഷിച്ചതാണ്. തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് യാഥാർഥ്യമാക്കി. എതിർപ്പുകൾക്ക് വഴങ്ങി ഉപേക്ഷിച്ചിരുന്നെങ്കിൽ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണവും യുഡിഎഫ് ഭരണംപോലെയാകുമായിരുന്നു. അനാവശ്യ പിടിവാശിക്ക് മുന്നിൽ വഴങ്ങുന്നതല്ല സർക്കാർ ധർമമെന്നും മുഖ്യമന്ത്രി പറഞ്ഞു.