തിരുവനന്തപുരം
കേരളത്തെ നവീന സാമ്പത്തിക മേഖലയാക്കുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്ന് ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. പദ്ധതിക്കെതിരായ വാദങ്ങൾ അപ്രസക്തമാണ്. വികസനത്തിന് സന്തുലിത ഗതാഗതസംവിധാനം അത്യന്താപേക്ഷിതമാണ്. കാസർകോട്, കണ്ണൂർ, കാക്കനാട്, കോട്ടയം വ്യവസായ പാർക്കുകളും തൃശൂർ -–-പാലക്കാട് ഇടനാഴിയും വ്യവസായ വികസനത്തിൽ നിർണായകമാണ്. തിരുവനന്തപുരത്ത് ഔട്ടർറിങ് വ്യവസായ ഇടനാഴിയും സജ്ജമാകും. ഇവയെ ബന്ധിപ്പിക്കുന്ന വേഗ റെയിൽപ്പാതയ്ക്ക് നിക്ഷേപം ആകർഷിക്കാനാകും. 20 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.
കടം അനിവാര്യം
വടക്കൻ യൂറോപ്പിലെ നൊർഡിക് രാജ്യങ്ങൾക്ക് സമാനമായ ക്ഷേമ-വും സുരക്ഷിതത്വവും ഇവിടെയും വേണമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഈ രാജ്യങ്ങളിൽ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയാണ്. കേന്ദ്രവിഹിതം ചേർത്താലും കേരളത്തിൽ 14 ശതമാനത്തിൽ താഴെ. അതിനാലാണ് കിഫ്ബിവഴി പശ്ചാത്തലസൗകര്യത്തിന് 62,000 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചത്. ഇതിന്റെ ബാധ്യത ഭാവിവരുമാനത്തേക്കാൾ വളരെ താഴെയാണ്. ഒരു കടക്കെണിയിലും എത്തിക്കില്ല. കെ -റെയിൽ വരുമാനദായകവുമാണ്.
പാരിസ്ഥിതിക സൗഹൃദം
റോഡിനേക്കാൾ പരിസ്ഥിതി സൗഹൃദമാണ് അർധഅതിവേഗ പാത. ആറുവരി ദേശീയപാതയിലും കുരുക്കാണ്. വലിയ കാർബൺ ബഹിർഗമന സ്രോതസ്സും. കാറിന് കിലോമീറ്ററിന് 10 രൂപ ചെലവാകുമ്പോൾ കെ -റെയിലിന് 2.75 രൂപ മതി. പ്രതിവർഷം 530 കോടി രൂപയുടെ ഇന്ധനം ലാഭിക്കാം.
പക്ഷപാതിത്വം പാവപ്പെട്ടവരോട്
പാവപ്പെട്ടവരോടാണ് പക്ഷപാതിത്വം. പാവപ്പെട്ടവരുടെ മക്കളും വിദ്യാസമ്പന്നരാണ്. ഇവർ മികച്ച വരുമാനമുള്ള തൊഴിലുകൾ പ്രതീക്ഷിക്കുന്നു. ഇവരുടെയെല്ലാം പ്രതീക്ഷയായ വ്യവസായ വികസനത്തിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സിൽവർ ലൈനെന്നും ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.