മൂഡബിദ്രി (മംഗളൂരു)
അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ അത്ലറ്റിക് മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ കേരളത്തിന് ആദ്യ സ്വർണം. പോൾവോൾട്ടിൽ 4.92 മീറ്റർ ചാടി മീറ്റ് റെക്കോഡോടെയാണ് കോട്ടയം എംജി സർവകലാശാലയുടെ എ കെ സിദ്ധാർഥ് പൊന്നണിഞ്ഞത്. എംജിയുടെ പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥി ഗോഡ്വിൻ ഡാമിയൻ വെള്ളി നേടി (4.85). 110 മീറ്റർ ഹൾഡിൽസിൽ കേരള സർവകലാശാലയുടെ മാർ ഇവാനിയോസ് കോളേജ് വിദ്യാർഥി വി കെ മുഹമ്മദ് ലസൻ വെങ്കലം സ്വന്തമാക്കി.
കോതമംഗലം എംഎ കോളേജ് അവസാനവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായ സിദ്ധാർഥ് കണ്ണൂർ പയ്യന്നൂർ വെള്ളൂർ കാറമേൽ സ്വദേശി വി വി സതീശന്റേയും എ കെ ദീപയുടെയും മകനാണ്.
മംഗളൂരു സർവകലാശാല രണ്ട് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലമടക്കം 44 പോയിന്റുമായി കിരീടത്തിലേക്ക് കുതിക്കുന്നു. 33 പോയിന്റുമായി പഞ്ചാബിലെ ലൗവ്ലി സർവകലാശാല രണ്ടും 19 പോയിന്റുമായി മഹർഷി ദയാനന്ദ സർവകലാശാല മൂന്നും സ്ഥാനത്താണ്. ഒന്നുവീതം സ്വർണം, വെള്ളി, വെങ്കലം അടക്കം 16 പോയിന്റുമായി എംജി നാലാംസ്ഥാനത്തുണ്ട്.