കോട്ടയം > കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ റാഞ്ചൽ ഒരുമണിക്കൂറിനുള്ളിൽ പൊലീസ് പൊളിച്ചു. മൂന്നു ദിവസമായി നവജാതശിശുവിനെ കൈക്കലാക്കാൻ ഡോക്ടർ വേഷത്തിൽ കറങ്ങിനടന്ന നീതു രാജിന്റെ പദ്ധതി തകർത്തത് പൊലീസിന്റെ സമയോചിത ഇടപെടലാണ്. ആരുടെയെങ്കിലും കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം.
ബുധനാഴ്ച പകൽ മൂന്നിനാണ് അശ്വതി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ഗൈനക്കോളജി ജനറൽ വാർഡിൽ കിടന്ന അശ്വതിയുടെ കുഞ്ഞ് നീതുവിന്റെ കണ്ണിൽപെട്ടു. ഡോക്ടറുടെ കുപ്പായമണിഞ്ഞ് നീതു മൂന്നു ദിവസമായി ആശുപത്രിയിൽ കറങ്ങിത്തിരിഞ്ഞു.
ആശുപത്രിക്ക് അടുത്തുള്ള ഹോട്ടൽ ഫ്ളോറൽ പാർക്കിൽ വൻതുക വാടകകൊടുത്ത് മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. പകൽ ഏറിയസമയവും വാർഡിലെത്തി വാർഡിൽ കഴിയുന്ന അമ്മമാരെയെും കൂട്ടിരിപ്പുകാരെയും സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു. കാഴ്ചയിൽ നല്ല ചുറുചുറുക്കുള്ള നീതുവിനെ കൂട്ടിരിപ്പുകാരിൽ ചിലർ ശ്രദ്ധിച്ചിരുന്നു.
‘കുഞ്ഞിന് നിറവ്യത്യാസമുണ്ട്, പരിശോധന വേണം’
വ്യാഴം പകൽ 3.20. ഡോക്ടർ ചമഞ്ഞ് നീതു വാർഡിലെത്തി. ഈ സമയം അശ്വതി കുഞ്ഞുമായി കിടക്കുകയായിരുന്നു. ഒപ്പം ഭർതൃ മാതാവ് ഉഷയുമുണ്ടായിരുന്നു. ഡോക്ടറേ പോലെ നീതു അശ്വതിയോട് കാര്യങ്ങൾ തിരക്കി. അശ്വതിയുടെ കേസ് ഷീറ്റ് എടുത്ത് മറിച്ചുനോക്കി. കുറെനേരം കഴിഞ്ഞ് അശ്വതിയോട് പറഞ്ഞു. ‘കുഞ്ഞിന് പൂർണ വളർച്ചയില്ല., അതുകൊണ്ടാണ് മഞ്ഞ നിറം, ഇതിന് കുടുതൽ ചികിത്സ വേണം, കുഞ്ഞിനെ അകത്തുകൊണ്ടുപോയി ഇൻകുബേറ്ററിൽ വയ്ക്കണം. വിശദ പരിശോധന നടത്തണം’.
അശ്വതിക്ക് സംശയമൊന്നും തോന്നിയില്ല. കുഞ്ഞിനെ നീതുവിന്റെ കൈവശം കൊടുത്തുവിട്ടു. എന്നാൽ നീതു കുട്ടിയുമായി താഴത്തെ നിലയിലേക്കാണ് പോയത്.
അരമണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കൊണ്ടുവന്നില്ല. വിഭ്രാന്തരായ അശ്വതിയും അമ്മയും വാർഡിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരോട് അന്വേഷിച്ചു. കുട്ടിയെ അവരാരും കണ്ടില്ലന്നും അധികൃതർ വാങ്ങിയിട്ടില്ലെന്നും അറിയിച്ചതോടെ കൂട്ട ബഹളമായി; സുരക്ഷാ ജീവനക്കാർ ഓടിയെത്തി. തലങ്ങും വിലങ്ങും ഓട്ടമായി. ഡോക്ടർ വേഷധാരിയെ വാർഡുകളിലും ഇടനാഴികളിലും ആൾക്കൂട്ടം തിരഞ്ഞു. ഈ സമയം ആർക്കും പിടികൊടുക്കാതെ, ആരുടെയും കണ്ണിൽപെടാതെ കുഞ്ഞുമായി നീതു ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് പുറത്തിറങ്ങി. ഒരുകിലോമീറ്റർ അകലെയുള്ള തന്റെ താവളമായ ഹോട്ടലിൽ കയറി ഒളിച്ചു.
താഴത്തെനിലയിൽ നിന്ന കുഞ്ഞിന്റെ അച്ഛൻ ശ്രീജിത്ത് ഡോക്ടർ ഒരുകുഞ്ഞുമായി ഇറങ്ങിവരുന്നതും വെളിയിലേക്ക് പോയതും കണ്ടിരുന്നു. എന്നാൽ അത് തന്റെ മോളാണെന്ന് അറിഞ്ഞിരുന്നില്ല. അമ്മ ഫോണിൽ വിളിച്ചു പറഞ്ഞപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം ശ്രീജിത്ത് അറിഞ്ഞത്.
പൊലീസ് ഉണർന്ന് ജില്ലയിൽ വലവിരിച്ചു; പഴുതടച്ചു, കണ്ടെത്തി
സമയം 3.50. പൊലീസ് എയ്ഡ് പോസ്റ്റിൽ ഒരു ഫോൺ കോൾ എത്തി. ഗൈനക്കോളജിയിൽ നിന്ന് നവജാതശിശുവിനെ ആരോ തട്ടിക്കൊണ്ടുപോയെന്ന്. ഫോൺ എടുത്ത അനിൽകുമാർ ഉടൻ ഗാന്ധി നഗർ സ്റ്റേഷനിൽ വിവരമറിയിച്ചു. അപ്പോൾതന്നെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും കൂട്ടി ബൈക്കിൽ ഗൈനക്കോളജിയിൽ എത്തി. അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെയും മറ്റുള്ളവരെയും കൂട്ടി അന്വേഷണം തുടങ്ങി.
ഈ സമയം ഗാന്ധിനഗർ എസ്എച്ച്ഒയും സംഘവും മറ്റ് പൊലീസുകാരെയും കൂട്ടി പാഞ്ഞെത്തി. പിന്നെ പഴുതടച്ച തെരച്ചിൽ, സമീപമുള്ള ലോഡ്ജുകളും ഹോട്ടലുകളിലും പരിശോധന. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അറിയിപ്പ് കൈമാറി. എസ്പി ഡി ശിൽപയും ഡിവൈഎസ്പി സന്തോഷ്കുമാറും ജില്ലയിലെമ്പാടും വാഹന പരിശോധനക്ക് നിർദേശംനൽകി. ജില്ലയിലെമ്പാടും വലവിരിച്ചുള്ള അന്വേഷണം.
ഒരുമണിക്കൂർ നീണ്ട അരിച്ചുപെറുക്കലിനൊടുവിൽ ആശുപത്രിക്ക് സമീപമുള്ള ഹോട്ടൽ ഫ്ളോറൽ പാർക്കിൽ നിന്ന് പൊലീസ് നീതുവിനെയും കുഞ്ഞിനെയും കണ്ടെത്തി. പൊലീസ് എത്തുമ്പോൾ കുഞ്ഞും ആറുവയസ്സുള്ള സ്വന്തം മകനുമായി കളമശേരിക്ക് പോകാൻ ഒരുങ്ങുകയായിരുന്നു നീതു. 4.30ന് കുഞ്ഞിനെ അമ്മ അശ്വതിക്ക് പൊലീസ് കൈമാറി. നീതുവുമായി സ്റ്റേഷനിലേക്ക്.