തിരുവനന്തപുരം > അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിര്‍ണയ പ്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന് പറഞ്ഞു.
സംസ്ഥാനത്ത് 98% ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടര്‍ന്ന് പ്രീ എന്യുമെറേഷനും എന്യുമെറേഷനും യഥാക്രമം 94.4%, 83.25% കൈവരിക്കുകയും ചെയ്തെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെ 59852 ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ 82422 പേരെ അതിദരിദ്രരുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അതില്‍ 77847 പേരെ മൊബൈല്‍ അപ്ലിക്കേഷനില്‍ പ്രീ എന്യുമെറേഷന് വിധേയമാക്കി. 68617 പേരുടെ ഫീല്‍ഡ് തല വിവരശേഖരണവും പൂര്‍ത്തിയാക്കി. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും, പ്രീ എന്യുമറേഷനും, എന്യുമറേഷനും പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ 7513 സൂപ്പര്‍ ചെക്കും പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വിശദീകരിച്ചു.
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇത് ഗ്രാമസഭകളില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയയുടെ കരട് പട്ടികയുടെ അംഗീകാരത്തിനായി ഗ്രാമ സഭകള്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.