തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിൽ ശുചിമുറി പണിയാൻ നാല് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി.
സെക്രട്ടേറിയേറ്റ് അനക്സ്-1 ലെ നാലാം നിലയിലാണ് മന്ത്രി സജി ചെറിയാന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ഈ ഓഫീസിൽ ശുചിമുറി നിർമിക്കുന്നതിനാണ് 4.10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 21-നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. മത്സ്യബന്ധന- സാംസ്കാരിക- യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയാണ് മന്ത്രി സജി ചെറിയാനുള്ളത്.
കോടികൾ ചെലവഴിച്ച് മന്ത്രിമന്ദിരങ്ങൾ അറ്റകുറ്റപ്പണികൾ നടത്താനും ഒരു മന്ത്രിമന്ദിരം പുതിയതായി നിർമിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ലക്ഷങ്ങൾ ചെലവഴിച്ച് ഓഫീസിനുള്ളിൽ ശുചിമുറി നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് വീട് നിർമിക്കാൻ പരമാവധി അനുവദിക്കുന്നത് നാല് ലക്ഷം രൂപമാത്രമാണെന്നിരിക്കെയാണ് മന്ത്രിയുടെ ഓഫീസിൽ അതിനേക്കാൾ കൂടിയ ചെലവിൽ ശുചിമുറി നിർമിക്കുന്നത്.
ശുചിമുറി നിർമിക്കാൻ തുക അനുവദിച്ച് പുറത്തിറക്കിയ സർക്കാർ ഉത്തരവ്
Content Highlights: 4 lakh rupees allowed to built toilet in minister saji cherian`s office