കോഴിക്കോട് > സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണിയെ മർദിച്ചയാൾ അറസ്റ്റിൽ. വെള്ളയിൽ തൊടിയിൽ സ്വദേശി മോഹൻദാസാണ് വെള്ളയിൽ പൊലീസിന്റെ പിടിയിലായത്. പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണിപ്പോൾ.
ബുധനാഴ്ച വൈകീട്ടാണ് ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽ വെച്ച് മോഹൻദാസ് മർദിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാൾ. അടിപിടി, സ്ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം മോഹൻ ദാസിന്റെ ഭാര്യ റീജ ബിന്ദു അമ്മിണിക്കെതിരെ വെള്ളയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിന്ദുവിനെതിരെ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. കൊയിലാണ്ടിയിൽവെച്ച് ഓട്ടോയിടിച്ച് പരിക്കേൽപ്പിച്ചിരുന്നു.