മതവും രാഷ്ട്രീയവും രണ്ടാണ്. മതത്തിൽ രാഷ്ട്രീയമോ രാഷ്ട്രീയത്തിൽ മതമോ കലർത്തരുതെന്ന് കെഎൻഎ ഖാദർ പറയുന്നു. കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയിലും അതിനു ശേഷവും കെ എം ഷാജി അടക്കമുള്ളവർ മതമാണ് തങ്ങളുടെ രാഷ്ട്രീയ വിഷയം എന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഖാദറിന്റെ ലേഖനം.
അതേസമയം കെ റെയിലിന്റെ സർവേ കല്ല് പിഴുതെറിയുന്ന കോൺഗ്രസ് സമരം ക്രമസമാധാന നിലയെ ബാധിക്കുമെന്ന് സുപ്രഭാതം പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. കോൺഗ്രസും പദ്ധതിയെ എതിർക്കുന്നവരും തെരുവിൽ ഇറങ്ങിയാൽ വലിയ ആക്രമണത്തിൽ കലാശിക്കും. സംഘർഷം ഒരിക്കലും വികസന പ്രവർത്തനങ്ങളെ സുഗമമായി മുന്നോട്ടു കൊണ്ടുപോകില്ലെന്നും നാടിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കു വേണ്ടിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
പദ്ധതിക്കെതിരെ എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി ധവള പത്രം പുറത്തിറക്കുന്നത് ഉചിതമായിരിക്കും. വികസനത്തിന്റെ പുത്തൻ കുതിപ്പായി പദ്ധതിയെ സർക്കാർ വിശേഷിപ്പിക്കുമ്പോൾ ആശങ്ക അകറ്റാൻ സർക്കാൻ മുൻകയ്യെടുക്കണം.
സിൽവർലൈൻ പദ്ധതിക്കെതിരെ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താൻ യുഡിഎഫ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി സാമൂഹിക ആഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് യുഡിഎഫിന്റെ ലക്ഷ്യം.