മലപ്പുറം: കെ റെയിൽ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി ഇ. ശ്രീധരൻ. ഇതിനോടകം തന്നെ അനുമതി ലഭിച്ച പദ്ധതികൾ നടപ്പിലാക്കാതെ കെ-റെയിൽ നടപ്പിലാക്കണമെന്നത് സർക്കാരിന്റെ പിടിവാശിയാണെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതിയുടെ ഡി.പി.ആർ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിർമാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സർക്കാരിന്റെ ശ്രമം. പ്രോജക്ട് റിപ്പോർട്ട് പുറത്തുവിടാത്തതിനു കാരണം ജനങ്ങൾ പദ്ധതി ചെലവ് മനസിലാക്കുമെന്നതാണെന്നും ഇ. ശ്രീധരൻ ആരോപിച്ചു.
കേന്ദ്രം കെ-റെയിലിന് അനുമതി നൽകുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയിൽവെ പദ്ധതികൾ നടപ്പാക്കാൻ കഴിയില്ല. അക്കാര്യങ്ങളൊന്നും സംസ്ഥാനം പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്ഥർ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നില്ല. പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾ താൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അനുമതി ലഭിച്ച പദ്ധതികൾ ഉണ്ട്. എന്തുകൊണ്ട് അത് ചെയ്യുന്നില്ല. ജനങ്ങൾക്ക് ആവശ്യമായ പല പദ്ധതികളും നിർത്തിവച്ചു. ജനങ്ങൾക്ക് വേണ്ടിയല്ല കെ റെയിൽ പദ്ധതി. മറ്റു പല ലക്ഷ്യങ്ങളും പിന്നിലുണ്ട്. ജനക്ഷേമത്തിന് വേണ്ടിയാണെങ്കിൽ ആദ്യം നടപ്പിലാക്കേണ്ടത് നിലമ്പൂർ-നഞ്ചൻഗുഡ് റെയിൽവെ പദ്ധതിയാണ്. അത്നിർത്തിവെച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും ഇ. ശ്രീധരൻ അഭിപ്രായപ്പെട്ടു.
നാടിന് ആവശ്യമുള്ള പദ്ധതികളല്ല സർക്കാർ ചെയ്യുന്നത്. അവർക്കാവശ്യമുള്ള കാര്യങ്ങൾക്കാണ് അവർ മുൻഗണന കൊടുക്കുന്നത്. ഉൾനാടൻ ജലഗതാഗത പദ്ധതി, ശബരിമലയിൽ വിമാനത്താവളം തുടങ്ങിയപദ്ധതികളുടെയൊക്കെ ആവശ്യമെന്താണെന്നും ഇ. ശ്രീധരൻ ചോദിച്ചു. ഇതിലൊക്കെ എന്തോ ഒരു ഹിഡൻ അജണ്ട പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനുള്ളിൽ തന്നെ പലർക്കും കെ-റെയിൽ പദ്ധതിയിൽ എതിർപ്പുണ്ട്. എന്നാൽ അതൊന്നും പുറത്തുവരുന്നില്ല. പദ്ധതിയുടെ ദൂഷ്യവശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ യുഡിഎഫുമായി സഹകരിക്കാനും താൻ തയ്യാറാണെന്നും ബിജെപിക്കാരൻ എന്ന നിലയിലല്ല ഇത് പറയുന്നതെന്നും ഇ. ശ്രീധരൻ പറഞ്ഞു.
Content Highlights: ESreedharan lashes out on government in KRail project