കോഴിക്കോട്: കെ-റെയിൽ വിരുദ്ധ സമരത്തിലും യുഡിഎഫിന് പൂർണ പിന്തുണ നൽകാതെ സമസ്ത. വിഷയത്തിൽ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ തന്നെ മുൻകൈയെടുക്കണമെന്ന് സമസ്ത മുഖപത്രം ആവശ്യപ്പെട്ടു. പദ്ധതിയെ എതിർക്കുന്നവരും കോൺഗ്രസ് പ്രവർത്തകരും യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാൽ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുകയെന്നും പത്രം പറയുന്നു.
കെ-റെയിൽ പദ്ധതിക്ക് അനുകൂലമെന്നോ പ്രതികൂലമെന്നോ സമസ്ത മുഖപത്രം നിലപാട് വ്യക്തമാക്കുന്നില്ല. യുഡിഎഫ് നടത്തുന്ന സമരത്തിനോ സർക്കാരിന്റെ നിലപാടിനോ സമസ്തയുടെ പിന്തുണയുമില്ല. ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ തന്നെ മുൻകൈയെടുക്കണമെന്നും കെ-റെയിൽ ഉപേക്ഷിക്കില്ലെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കുമെന്നുമാണ് പത്രം പറയുന്നത്.
ജനഹിതം മാനിക്കാതെ പദ്ധതിയുമായി മുമ്പോട്ടുപോകാനാണ് സർക്കാർ ഭാവമെങ്കിൽ, പദ്ധതിക്കായി സ്ഥാപിക്കപ്പെടുന്ന സർവേ കല്ലുകൾ കോൺഗ്രസ് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നും കെ. സുധാകരൻ പ്രഖ്യാപിച്ചിരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരമൊരവസ്ഥ സംജാതമായാൽ തീർച്ചയായും അത് കേരളത്തിന്റെ ക്രമസമാധന നിലയെ ഗുരുതരമായി ബാധിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുവന്നു.
കോൺഗ്രസ് പ്രവർത്തകരും പദ്ധതിയെ എതിർക്കുന്നവരും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് പോലെ യുദ്ധസന്നാഹവുമായി തെരുവിലിറങ്ങിയാൽ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുകയെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സംഘർഷഭരിതമായ ഒരന്തരീക്ഷത്തിൽ ഒരു വികസന പ്രവർത്തനവും സുഗമമായി മുമ്പോട്ട് കൊണ്ടുപോകാനാവില്ലെന്നും നാടിന്റെ വികസനം ജനങ്ങൾക്ക് വേണ്ടിയാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Content Highlights:Samastha on K-Rail project