ന്യൂഡൽഹി
നീറ്റ് -പിജി കൗൺസലിങ്ങുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ‘കൗൺസലിങ്ങുമായി മുന്നോട്ടുപോകാൻ അനുവദിക്കണം. ഈ സമയത്തിനകം കോടതിക്ക് സംവരണവിഷയത്തിൽ വാദംകേൾക്കൽ പൂർത്തിയാക്കാം. വരുമാന മാനദണ്ഡം സംബന്ധിച്ച് വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ ആശങ്ക വേഗം പരിഹരിക്കണം’– സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ആവശ്യപ്പെട്ടു.
എന്നാൽ, എതിർകക്ഷികളുടെ അഭിപ്രായം പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസിൽ വ്യാഴവും വാദംകേൾക്കൽ തുടരും. നീറ്റ് പിജി അഖിലേന്ത്യാ ക്വോട്ടയിൽ മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇഡബ്ല്യുഎസ്), ഒബിസി വിഭാഗങ്ങൾക്കും സംവരണം അനുവദിച്ച കേന്ദ്ര വിജ്ഞാപനത്തിന് എതിരായ ഹർജികളാണ് പരിഗണിക്കുന്നത്. കൗൺസലിങ് വൈകുന്നതിൽ രാജ്യവ്യാപകമായി യുവ ഡോക്ടർമാർ പ്രതിഷേധത്തിലാണ്.