ന്യൂഡൽഹി
പ്രധാനമന്ത്രി റോഡിൽ കുടുങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചാബ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർസിങ്. പാകിസ്ഥാൻ അതിർത്തിയിൽനിന്ന് 10 കിലോമീറ്റർമാത്രം അകലെയുള്ള പ്രദേശത്ത് പ്രധാനമന്ത്രിക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ പഞ്ചാബ് സർക്കാരിനു കഴിഞ്ഞില്ല. അധികാരത്തിൽ തുടരാൻ സർക്കാരിനു അവകാശമില്ല–-അമരീന്ദർ ട്വീറ്റ് ചെയ്തു. മുൻ പിസിസി അധ്യക്ഷനായ സുനിൽ ജാക്കറും സംഭവത്തിൽ സർക്കാരിനെ പ്രതികൂട്ടിലാക്കി. പ്രധാനമന്ത്രിക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ കഴിയാതിരുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യം പ്രവർത്തിക്കേണ്ടത് ഇത്തരത്തിലല്ല–-ജാക്കർ ട്വീറ്റ് ചെയ്തു.
അതേസമയം, വീഴ്ചയ്ക്ക് സമാധാനം പറയേണ്ടത് പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പ്രതികരിച്ചു. യാത്രാമാർഗത്തിൽ അവസാനനിമിഷം മാറ്റം വരുത്തിയതിനു കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ വ്യക്തമായ ശ്രമം നടന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.
കാർഷികനിയമം പാസാക്കിയതിനു പിന്നാലെ പഞ്ചാബിൽ ബിജെപിയിൽനിന്ന് വൻതോതിൽ കൊഴിഞ്ഞുപോക്കുണ്ടായി. ബിജെപി നേതാക്കൾക്ക് കർഷകർ സാമൂഹ്യവിലക്ക് പ്രഖ്യാപിച്ചു. പ്രാദേശിക നേതാക്കൾ ബിജെപിയിൽനിന്ന് രാജിവച്ചു. ശിരോമണി അകാലിദൾ എൻഡിഎ വിട്ടുപോയി.