ഫ്രാൻസിലെ സയൻസസ് പോ ലില്ലെ യൂണിവേഴ്സിറ്റിയാണ് ഇത്തരമൊരു കോഴ്സ് നടത്തുന്നത്. ഫ്രാൻസ് ഭക്ഷണവൈവിധ്യത്തിനും വൈനുകൾക്കും നൈറ്റ് ലൈഫിനും പേരുകേട്ട നാടാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു ബിരുദാനന്തര ബിരുദ കോഴ്സ് ഫ്രാൻസിലെ സർവകലാശാലയിൽ ഉള്ളത് അത്ഭുതാവഹമല്ലല്ലോ.
ബിഎംവി എന്നാണ് കോഴ്സിന്റെ പേര്. ബിഎംവി എന്നാൽ ‘ബോയർ, മാംഗർ, വിവ്രെ’ (തിന്നുക, കുടിക്കുക, ജീവിക്കുക) എന്നതിന്റെ ചുരുക്കം. സയൻസസ് പോ ലില്ലെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ബിഎംവി കോഴ്‌സ് ഭക്ഷണങ്ങൾ, പാനീയങ്ങൾ, ഫുഡ് ടെക്, ഗ്യാസ്ട്രോ-ഡിപ്ലോമസി തുടങ്ങിയ നിരവധി വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. കോഴ്‌സിൽ ജീവിതശൈലി, ഭക്ഷണം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ പേപ്പർ പ്രെസന്റേഷനുമുണ്ട്. മാത്രമല്ല, വിദ്യാർത്ഥികൾ ഭക്ഷണ പാനീയങ്ങളെക്കുറിച്ചുള്ള വിവിധ കോൺഫറൻസുകളിലും കോൺക്ലേവുകളിലും പങ്കെടുക്കണം.
ലക്ചറർ ബെനോയിറ്റ് ലെംഗൈൻ ആണ് ഇത്തരമൊരു കോഴ്സ് അവതരിപ്പിച്ചതിന് പിന്നിൽ. “സമകാലിക പ്രശ്‌നങ്ങൾ ഉന്നയിക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന മഹത്തായ വിദ്യാലയമാണ് സയൻസസ് പോ ലില്ലെ. ഈ നൂറ്റാണ്ടിൻ്റെ ജനനം മുതൽ ഏറ്റവും പ്രധാനമായ വിഷയമാണ് കുടിക്കുക, ഭക്ഷണം കഴിക്കുക, ജീവിക്കുക (BMV) എന്ന ത്രിമൂർത്തികൾ…പരിസ്ഥിതിയും സംസ്കാരവും തമ്മിലുള്ള ഈ അടിസ്ഥാന ബന്ധമാണ് ബിഎംവിയുടെ അടിത്തറ,” സയൻസസ് പോ ലില്ലെയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ബെനോയിറ്റ് ലെംഗൈൻ കുറിച്ചിട്ടുണ്ട്.