തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം എംപിക്ക് എതിരേ വിമർശനം. കോൺഗ്രസിനെ ഒഴിച്ചുനിർത്തി ദേശീയതലത്തിൽ ബിജെപിക്ക് എതിരെ ഒരു ബദൽ സാധ്യമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെങ്കിലും പ്രതികരണം അനവസരത്തിലാണെന്ന് നേതാക്കൾ വിമർശിച്ചു. സി. ദിവാകരൻ ഉൾപ്പെടെയുള്ള നേതാക്കളാണ് എതിർപ്പ് പ്രകടിപ്പിച്ചത്.
ഇപ്പോൾ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതാണ്. പ്രത്യേകിച്ച് തൃക്കാക്കരയിൽ ഒരു ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് ഇടതുമുന്നണിയെ മോശമായി ബാധിക്കുമെന്നാണ് വിമർശനം ഉയർത്തിയ നേതാക്കളുടെ നിലപാട്. പാർട്ടി ലൈനിൽ നിന്ന് ബിനോയ് വിശ്വം മാറി എന്ന വിമർശനമില്ലെങ്കിലും പാർട്ടി കോൺഗ്രസിലെ കരട് ചർച്ചയിലിരിക്കെയാണ് പ്രതികരണം ഉണ്ടായത്. കോൺഗ്രസുമായി യോജിക്കണമെന്ന് പറഞ്ഞിട്ടില്ലെങ്കിലും കോൺഗ്രസ് വേദിയിൽ പോയി ഇക്കാര്യം പറഞ്ഞത് അപക്വവും അനവസരത്തിലുള്ളതുമാണെന്നാണ് വിമർശനം.
ഇടതുപക്ഷത്തിന് മേൽക്കൈ ഇല്ലാത്ത ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വരാനിരിക്കെ നടത്തിയ പ്രതികരണം കോൺഗ്രസിന് ഗുണംചെയ്യുന്ന തരത്തിലുള്ളതാണെന്നാണ് ചർച്ചയിൽ പങ്കെടുത്ത് വിമർശനം ഉന്നയിച്ച നേതാക്കൾ അഭിപ്രായപ്പെട്ടത്. അതേസമയം, വിമർശനത്തോട് പ്രതികരിക്കാൻ ബിനോയ് വിശ്വമോ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ ഇതുവരെ തയ്യാറായിട്ടില്ല.
കേന്ദ്രത്തിൽ കോൺഗ്രസ് തകർന്നാൽ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്നുംകോൺഗ്രസ് തകരുന്നിടത്ത് ആർ.എസ്.എസ്. സംഘടനകൾ ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിൻറെ പ്രസ്താവന. കൊച്ചിയിൽ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ, ബി.ജെ.പി.-ആർ.എസ്.എസ്. സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകാൻപോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കെത്തന്നെ ഞാൻ പറയുന്നു- കോൺഗ്രസ് തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കിൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.
Content Highlights: Statement in favour of Congress; Criticism Against Binoy Viswam in CPI state Executive