പൊന്നാനി:ഓരോ 500 മീറ്ററിലും പാലം നിർമിക്കുമെന്നും കെ റെയിൽ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി മെട്രോമാൻ ഇ.ശ്രീധരൻ.മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തിൽ സിൽവർ ലൈൻ കടന്നുപോകുന്ന വഴികളിലെല്ലാം ട്രാക്കിന്റെ ഇരുവശങ്ങളിലും ഭിത്തി നിർമിക്കേണ്ടി വരുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
ഇത്തരത്തിൽ 393 കിലോമീറ്റർ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും. വെള്ളം ഒഴുകിപ്പോകുന്ന സ്വാഭാവിക മാർഗങ്ങൾ ഇല്ലാതാകും. പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാകും 393 കിലോമീറ്ററിലും ആവർത്തിക്കുക. ഭിത്തികൾക്ക് പകരം വേലികൾ നിർമിക്കുക എന്നതും അപര്യാപ്തമാണ്.
ഈ 393 കിലോമീറ്ററിലും 800 റെയിൽവേ റോഡ് ഓവർ ബ്രിഡ്ജോ റെയിൽവേ റോഡ് അണ്ടർ ബ്രിഡ്ജോ നിർമിക്കേണ്ടി വരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചിലവ് വരും. അതായത് ആകെ ചിലവ് 1600 കോടി രൂപയാകും. ഇപ്പോഴത്തെ എസ്റ്റിമേറ്റിൽ ആ ചിലവ് ഉൾപ്പെടുത്തിയിട്ടില്ല. ഇതിന്റെ നിർമാണത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും എന്നതും പരാമർശിച്ചിട്ടില്ല.
അധികഭൂമിക്ക് വേണ്ടിവരുന്ന പണവും സ്ഥലം ഏറ്റെടുക്കാനുള്ള സമയവും പരിഗണിക്കേണ്ടതുണ്ട്. പ്രധാന പദ്ധതികളുടെ ഡിപിആർ പുറത്തുവിട്ടിട്ടില്ലെന്ന വാദവും കളവാണ്. ഞാൻ തന്നെ പത്തോളം പ്രധാന പദ്ധതികളുടെ ഡിപിആർ തയ്യാറാക്കിയിട്ടുണ്ട്. എല്ലാം പരസ്യമാക്കിയിട്ടുമുണ്ട്. ചിലവ് കുറച്ചുകാട്ടിയും വസ്തുതകൾ മറച്ചുവെച്ചും ജനങ്ങളെ എന്തിനാണ് സർക്കാർ കബളിപ്പിക്കുന്നത്. ഇ ശ്രീധരൻ ചോദിക്കുന്നു.
Content Highlights: ESreedharan on CMPinarayi Vijayans claims on Silver line Project