കോഴിക്കോട് > ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്ററിലെ വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. നടക്കാവിലെ എക്സ്പേർട്സ് അക്കാദമിയിൽ എസ്എസ്എൽസി ക്രാഷ് കോഴ്സിന് പഠിക്കുന്ന വിദ്യാർഥിക്കാണ് മർദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കൾ ഗൾഫിലായതിനാൽ മുത്തച്ഛനൊപ്പമാണ് വിദ്യാർഥി താമസം. കഴിഞ്ഞ നവംബറിലാണ് റഫാസ് ലീഗൽ സൊല്യൂഷന് കീഴിലുള്ള എക്സ്പേർട്സ് അക്കാദമിയിൽ കോഴ്സിന് ചേർന്നത്. 10,000 രൂപ ഫീസുമടച്ചു. എന്നാൽ ക്ലാസുകൾ കൃത്യമായി നടക്കാത്ത വിവരം വിദ്യാർഥി അച്ഛനെ അറിയിച്ചു.
ഫോണിലൂടെ ട്യൂഷൻ സെന്ററുമായി ബന്ധപ്പെട്ടെങ്കിലും മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് പിതാവ് പറഞ്ഞു. ഇതിന് ശേഷമാണ് ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് വിദ്യാർഥിയെ മർദിച്ചത്.
കുട്ടികൾ തമ്മിലാണ് പ്രശ്നമുണ്ടായതെന്നും അതിൽ അധ്യാപകർ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയായിരുന്നെന്നും ട്യൂഷൻ സെന്റർ അധികൃതർ പറഞ്ഞു.