കോഴിക്കോട് > പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിൽ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ അസി. പ്രിസൺ ഓഫീസർ ആവള സ്വദേശി ഭഗവതി കോട്ടയിൽ ബി ആർ സുനീഷിനെയാണ് (40) കസബ പൊലീസ് അറസ്റ്റുചെയ്തത്. മലപ്പുറം സ്വദേശിയായ പതിനേഴുകാരനെ കോഴിക്കോട് കോട്ടപ്പറമ്പിലെ കേരള ഭവൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
എടക്കര പൊലീസ് ഇയാൾക്കെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒരുകേസ് കഴിഞ്ഞ ഡിസംബറിൽ കസബ സ്റ്റേഷനിലേക്ക് മാറ്റി. ഈ കേസിലാണിപ്പോൾ അറസ്റ്റ്. പൊലീസ് എന്ന് പരിചയപ്പെടുത്തിയാണ് ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നേരത്തെ കോഴിക്കോട് ജില്ലാ ജയിലിലും ഇയാൾ ജോലിചെയ്തിട്ടുണ്ട്.
കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവദാസൻ, രഞ്ജിഷ്, ഷറീനാബി, സിവിൽ പൊലീസ് ഓഫീസർ വിഷുപ്രഭ എന്നിവരടങ്ങിയ സംഘം ചൊവ്വാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോഴിക്കോട് പോക്സോ കോടതി ഇയാളെ റിമാൻഡ് ചെയ്തു.