കണ്ണൂർ > മാവേലി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പൊലീസ് മർദനമേറ്റ മദ്യപൻ നിരവധി കേസുകളിലെ പ്രതി. കൂത്തുപറമ്പ് നീർവേലി സ്വദേശി പൊന്നൻ ഷമീറാണ് ട്രെയിനിൽ മദ്യപിച്ച് യാത്രക്കാരെ ശല്യം ചെയ്തത്. യാത്രക്കാരുടെ പരാതിയെത്തുടർന്ന് ഇയാളെ കംപാർട്ട്മെന്റിൽനിന്ന് നീക്കുന്നതിനാണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നത്.
ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസിൽ മയ്യഴിയിൽനിന്ന് കയറിയ ഷമീറും സുഹൃത്തുമാണ് മദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കിയത്. യാത്രക്കാർക്ക് ഇവരുടെ പെരുമാറ്റം അസഹ്യമായതോടെയാണ് പൊലീസെത്തി നീക്കാൻ ശ്രമിച്ചത്.
മദ്യക്കുപ്പിയുമായി നിലത്തിരുന്നതോടെ പൊലീസ് ഉദ്യോഗസ്ഥൻ കാലുകൊണ്ട് നീക്കുന്നത് ട്രെയിയിനിലുണ്ടായിരുന്നവർ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. എട്ടു കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ മൂന്ന് വർഷം തടവും അനുഭവിച്ചിട്ടുണ്ട്. നീർവേലി സ്വദേശിയായ ഇയാൾ ഇപ്പോൾ ഇരിക്കൂറിലാണ് താമസം.
സ്ത്രീപീഡനക്കേസിലും വധശ്രമക്കേസിലും ഇയാൾ പ്രതിയായിരുന്നു. കൂത്തുപറമ്പ് ഗോകുലതെരുവിലെ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചതും ഷമീറായിരുന്നു. സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളായി പൊലീസിന്റെ പട്ടികയിലുള്ളയാളാണ് ഷമീർ. ബന്ധുവായ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസിലും ഇയാൾ പ്രതിയായിരുന്നു.
ബന്ധുക്കൾ തമ്മിൽ സംസാരിച്ച് ഈ കേസ് പീന്നീട് ഒത്തുതീർപ്പാക്കിയിരുന്നു. സ്ത്രീയുടെ മാലപൊട്ടിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. 2001, 2010, 2014, 2016 എന്നീ വർഷങ്ങളിലാണ് ഇയാളുടെ പേരിലുള്ള കേസുകൾ. മാധ്യമങ്ങളിൽ വന്ന വീഡിയോയിൽ ഉള്ളത് ഷെമീറാണെന്ന് ബന്ധുക്കൾ സ്ഥീരീകരിച്ചു. ഇയാളാണെന്ന സംശയത്തെത്തുടർന്ന് പൊലീസ് ചൊവ്വാഴ്ച വീട്ടിലെത്തിയിരുന്നു. ധരിച്ച ടീഷർട്ടും മറ്റും കണ്ടാണ് ബന്ധുക്കൾ ഇയാളെ തിരിച്ചറിഞ്ഞത്. ഇതുവരെ ഇയാൾ വീട്ടിലെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ടിക്കറ്റ് എടുക്കാത്തതിന് ട്രെയിനിൽ യാത്രക്കാരനെ പൊലീസ് ചവിട്ടിയെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ഈ സംഭവത്തെ മാധ്യമങ്ങൾ ആഘോഷിച്ചത്. മദ്യലഹരിയിൽ മോശമായി പെരുമാറിയെന്ന സ്ത്രീ യാത്രക്കാരുടെ പരാതി ശരിയെന്നു തെളിയിക്കുന്നതാണ് ഷമീറിന്റെ ക്രിമിനൽ പശ്ചാത്തലം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിയും നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു.