കൊച്ചി > ഐഎൻടിയുസി നേതാവിനെതിരായ ആരോപണം അന്വേഷിക്കാൻ കെപിസിസി ചുമതലപ്പെടുത്തിയ അന്വേഷണത്തിന്റെ തെളിവെടുപ്പ് മാത്യു കുഴൽനാടൻ എംഎൽഎ സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തിയത് വിവാദമായി.
ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെതിരായ ആരോപണവും പ്രത്യാരോപണവും അന്വേഷിക്കാൻ പാർടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോഴിക്കോട് ഡിസിസിയിലും തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തും പരാതിയും തെളിവുകളുമായി വരാമെന്നുമാണ് മാത്യു കുഴൽനാടൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത്. വേണ്ടി വന്നാൽ കൊല്ലത്തും എറണാകുളത്തും ഹിയറിങ് നടത്തുമെന്നും പോസ്റ്റിൽ പറയുന്നു.
ഐഎൻടിയുസിയിൽ നിന്നു നേരത്തെ പുറത്താക്കിയയാളെ പോസ്റ്റിൽ ടാഗ് ചെയ്തതും ചർച്ചയാണ്. ഇതിൽ കുഴൽനാടനെതിരെ കോൺഗ്രസ്, ഐഎൻടിയുസി അണികളുടെ പ്രതിഷേധ കമന്റുകൾ പ്രവഹിക്കുകയാണ്. പാർടിക്കകത്ത് നടക്കുന്ന അന്വേഷണം പരസ്യമാക്കിയതിനാണ് ഐഎൻടിയുസി പ്രവർത്തകരുടെ പ്രതിഷേധ കമന്റുകൾ.
കോൺഗ്രസ് പ്രവർത്തകർ ഇരുപക്ഷവും ചേർന്ന് പരസ്പരം തർക്കിക്കുന്നതും പോസ്റ്റിന് താഴെ കാണാം. പ്രതിഷേധവും തർക്കവും ശക്തമായതോടെ പാർടി ഏൽപ്പിച്ച ചുമതല നിർവഹിക്കുക മാത്രമാണ് ലക്ഷ്യമെന്നും വ്യക്തികളെ ആക്ഷേപിക്കാനോ ആരോപണമുന്നയിക്കാനോ പോസ്റ്റ് ഉപയോഗിക്കരുതെന്ന് അഭ്യർഥിച്ച് മാത്യു കുഴൽനാടനും കമന്റ് ചെയ്തിട്ടുണ്ട്.
കശുവണ്ടി കോർപറേഷൻ ചുമതലയിൽ ഇരിക്കെയുള്ള ആരോപണത്തെക്കുറിച്ച് വ്യക്തത വരുത്താൻ താൻ നിരന്തരമായി ആവശ്യപ്പെട്ടതിനെതുടർന്നാണ് പാർടി അന്വേഷണം തീരുമാനിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിട്ടതിനെക്കുറിച്ച് അറിയില്ലെന്നും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ പറഞ്ഞു.