ന്യൂഡല്ഹി> പഞ്ചാബില് കോവിഡ് കേസുകളുടെ വര്ധനവിനെ തുടര്ന്ന് സ്കൂളുകള്ക്ക് അവധി. ഇന്ന് പുറപ്പെടുവിച്ച പുതിയ ഉത്തരവനുസരിച്ച് സ്കൂളുകളും കോളേജുകളും സര്വ്വകലാശാലകളും ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുകയും ഓണ്ലൈന് ക്ലാസുകള് തുടരുകയും ചെയ്യും.
സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ചരണ്ജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയില് ചേര്ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള് പ്രഖ്യാപിച്ചത്. രാത്രി 10 മുതല് പുലര്ച്ചെ 5 വരെ കര്ഫ്യൂ ഉണ്ടായിരിക്കും. ബാറുകള്, സിനിമാ ഹാളുകള്, മള്ട്ടിപ്ലക്സുകള്, മാളുകള്, റെസ്റ്റോറന്റുകള്, സ്പാകള്, മ്യൂസിയങ്ങള്, മൃഗശാലകള് എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്ത്തിപ്പിക്കാം. അതേസമയം ഇവിടെയുള്ള എല്ലാ സ്റ്റാഫ് അംഗങ്ങളും രണ്ട് ഡോസ് വാക്സിന് എടുത്തിരിക്കണമെന്ന് ഉത്തരവില് പറയുന്നു. ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്.
തിങ്ങിനിറഞ്ഞ റാലികളും രാഷ്ട്രീയ യോഗങ്ങളുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബില് കണ്ടത്.ഇതിനിടെയാണ് പുതിയ നിയന്ത്രണങ്ങള്. അതേസമയം, റാലികള്ക്ക് ഇതുവരെ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയില്ല.