മലപ്പുറം > സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അദ്ദേഹം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും പറഞ്ഞു. മുസ്ലിം ലീഗ് സമസ്തയെ ഹൈജാക്ക് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ സ്ഥാപനങ്ങളിൽ ഒന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. കുട്ടികൾക്കൊന്നും ഇനി രാഷ്ട്രീയം പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമില്ല. അവർ ഈ ലോകത്ത് ജീവിക്കുന്നവരാണ്. അതിൽ തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവർ പറയുന്ന അഭിപ്രായത്തിന് മറുപടി പറയാനില്ല. സമസ്തയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഔദ്യോഗികമായ അഭിപ്രായങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി. ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം. അതിലൂന്നിയുള്ള പ്രവർത്തനമാണ് സമസ്ത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.