തിരുവനന്തപുരം > സിൽവർ ലൈനിന്റെ വിശദപദ്ധതി രേഖയിൽ (ഡിപിആർ) കേന്ദ്ര റെയിൽ മന്ത്രാലയവുമായി നടന്ന ആദ്യഘട്ട ചർച്ച പൂർത്തിയായി. അന്തിമാനുമതിക്ക് മുന്നോടിയായാണ് ചർച്ച നടന്നത്. അലൈൻമെന്റ്, ക്രോസ് ചെയ്യുന്ന സ്ഥലം, സുരക്ഷ തുടങ്ങിയവയിൽ കേന്ദ്രം ആവശ്യപ്പെട്ട വിശദാംശം കൈമാറി. റെയിൽവേയുടെ സാങ്കേതിക നിർദേശവും തിരുത്തലും ഉൾപ്പെടുത്തി ഡിപിആർ അന്തിമമായാൽ വായ്പാ നടപടിയിലേക്ക് കടക്കും. ഹൈഡ്രോളിക് പരിശോധനയും ഉടൻ പൂർത്തിയാക്കും.
റെയിൽ–-കെ റെയിൽ ഉദ്യോഗസ്ഥർ സംയുക്തമായി റെയിൽവേ ഭൂമി അളക്കാനും സുരക്ഷാ സംവിധാനം പരിശോധിക്കാനും അനുമതി നൽകിയിരുന്നു. പദ്ധതിയിൽ റെയിൽവേക്ക് 3.3 ശതമാനം സാമ്പത്തിക നിക്ഷേപമുണ്ട്. കോട്ടയത്തെ കെവിഎച്ച്എസ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ സാമൂഹ്യ ആഘാതപഠനം കണ്ണൂരിൽ ആരംഭിച്ചു. ഇതിനാവശ്യമായ ഭൂമി സർവേയും നടക്കുന്നുണ്ട്.
രണ്ട് അതിർത്തിയിലും മധ്യത്തിലും കെ റെയിലിന്റെ പേരിൽ കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. 12ന് കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ച് കോടതിയെ ബോധ്യപ്പെടുത്തും. ദേശീയപാതയ്ക്കും റെയിൽവേക്കും തൂൺ നാട്ടുന്നതിന് തടസ്സമില്ല.