കൊച്ചി > കൊച്ചി മെട്രോയ്ക്കെതിരെ കോൺഗ്രസ് പയറ്റിയ കുതന്ത്രം സിൽവർ ലൈനിനെതിരെ പൊടിതട്ടിയെടുത്ത് കോൺഗ്രസും ബിജെപിയും. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അഞ്ചുവർഷമാണ് കേന്ദ്രസ്വാധീനം ഉപയോഗിച്ച് കോൺഗ്രസ് മെട്രോ പദ്ധതി തടഞ്ഞുവച്ചത്. ഇതേ കളിയുമായാണ് ബിജെപി ഇറങ്ങിയിരിക്കുന്നത്. അനാവശ്യ എതിർപ്പുണ്ടാക്കി പദ്ധതി വൈകിപ്പിക്കലാണ് കോൺഗ്രസ് ലക്ഷ്യം. 2005ൽ ഉമ്മൻചാണ്ടിയുടെ കാലത്താണ് കൊച്ചി മെട്രോയുടെ ആദ്യ ഡിപിആർ കേന്ദ്ര നഗരാസൂത്രണമന്ത്രാലയത്തിന് സമർപ്പിക്കുന്നത്. യുപിഎ സർക്കാർ അതിവേഗം നടപടി നടത്തി. എന്നാൽ, കേന്ദ്രാനുമതിക്കുമുമ്പായി എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി. തുടർന്ന് പദ്ധതി തടയാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവുന്നതെല്ലാം ചെയ്തു.
ഡിപിആർവരെ എൽഡിഎഫ് സർക്കാർ പുതുക്കി നൽകി. പലവട്ടം കേന്ദ്രത്തിന് കത്തെഴുതി. ഇതിനിടെ ഡിപിആറിൽ തിരുത്ത് നിർദേശിച്ചും ഫിനാൻസ് മാതൃകയിൽ സംശയം പ്രകടിപ്പിച്ചും കേന്ദ്രം അനുമതി നീട്ടിക്കൊണ്ടിരുന്നു. ഈ സമയമെല്ലാം നിർമാണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു എൽഡിഎഫ് സർക്കാർ. പദ്ധതിക്ക് എസ്പിവി രൂപീകരിച്ചു. കൊച്ചിയിൽ ഡിഎംആർസിയുടെ ഓഫീസ് തുറന്നു. ആഗോള ടെൻഡർ വിളിച്ചു.
നാലു പാലത്തിന്റെ നിർമാണത്തിന് പണം വകയിരുത്തി. എന്നാൽ, കേന്ദ്രമന്ത്രിസഭയുടെ അംഗീകാരംമാത്രം കിട്ടാക്കനിയായി തുടർന്നു. അന്ന് എ കെ ആന്റണി അടക്കം എട്ടുപേർ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിസഭാംഗങ്ങളാണ്. ഇവരാരും ചെറുവിരൽ അനക്കിയില്ല. 2011 മേയിൽ ഉമ്മൻചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. 2012 ജൂലൈയിൽ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അനുമതിയും നൽകി. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ കുത്തിത്തിരുപ്പിൽ അഞ്ചുവർഷമാണ് മെട്രോ വൈകിയത്. സിൽവർ ലൈനിൽ ഇതേ കുത്തിത്തിരിപ്പാണ് കേന്ദ്ര സ്വാധീനം ഉപയോഗിച്ച് ബിജെപി ചെയ്യുന്നത്.