തിരുവനന്തപുരം > ഐഎസ്ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യം അടുത്തവർഷം പകുതിയോടെയെന്ന് ചെയർമാൻ ഡോ. കെ ശിവൻ. രൂപകൽപ്പനയിൽ മാറ്റംവരുത്തി വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ ഈവർഷം ആരംഭിക്കുമെന്നും പുതുവർഷ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആളില്ലാ ആദ്യ ദൗത്യം ഈവർഷം തന്നെയുണ്ടാകും. ഇതിനായി വികാസ് എൻജിൻ, ക്രയോജനിക് എൻജിൻ, രക്ഷാസംവിധാനം തുടങ്ങിയവയുടെ പരീക്ഷണ പരിശോധന നടന്നുവരുന്നു. ബഹിരാകാശയാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ റഷ്യയിലെ പരിശീലനം പൂർത്തിയായി. ഇവിടെയുള്ള പരിശീലനവും ആരംഭിച്ചു.
സൗരദൗത്യമായി ആദിത്യ എൽ1 പേടകത്തിന്റെ പ്രധാന പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. അതും ഉടൻ വിക്ഷേപണ സജജമാക്കുകയാണ് ലക്ഷ്യം. ശുക്രന് ലക്ഷ്യമാക്കിയുള്ള ദൗത്യം, ദിശ, ത്രിഷ്ണ ദൗത്യങ്ങൾ തുടങ്ങിയവയ്ക്കെല്ലാം തയ്യാറെടുക്കുകയാണ്. കോവിഡ് മഹാമാരി ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളെ ബാധിച്ചെങ്കിലും വരുംദിവസങ്ങളിൽ ഇതിനെ അതിജീവിക്കാനാകുമെന്നും കൂടുതൽ ഉപഗ്രഹം വിക്ഷേപിക്കാനാകുമെന്നും ഡോ. ശിവൻ പറഞ്ഞു.