കോഴിക്കോട് > കൂടത്തായിയിൽ കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹാവശിഷ്ടങ്ങളിൽ വിശദമായ ഫോറൻസിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ. അന്നമ്മ, ടോം തോമസ്, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹത്തിന്റെ സാമ്പിളുകളിൽ കൂടുതൽ പരിശോധന വേണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിഭാഗം എതിർപ്പറിയിച്ചതിനാൽ കേസ് 25ലേക്ക് മാറ്റി.
മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, രണ്ടാം ഭർത്താവിന്റെ ആദ്യഭാര്യ സിലി എന്നിവർ മരിച്ചത് സയനൈഡ് അകത്തുചെന്നാണെന്ന് കണ്ടെത്തിയിരുന്നു. റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊലപാതക പരമ്പരയുടെ വിവരങ്ങൾ പുറത്തുവന്നശേഷം മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് റീജണൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് സിലിയുടെ മരണവും സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് കണ്ടെത്തിയത്.
അതേസമയം, മറ്റ് നാലുപേരുടെയും മൃതദേഹത്തിൽ ഇനിയും സയനൈഡിന്റെ അംശം കണ്ടെത്താനായിട്ടില്ല. അതിനാലാണ് വിശദ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നത്. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിൽ പരിശോധിക്കണമെന്നാണ് ആവശ്യം. കോഴിക്കോട്ടേതിനേക്കാൾ ആധുനിക സൗകര്യങ്ങളുണ്ടെന്നും കൂടുതൽ വിശ്വാസയോഗ്യമായ ഫലം ലഭിക്കാൻ പരിശോധന സഹായിക്കുമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ വാദിച്ചു. അഡ്വ. സഹീർ അഹമ്മദ്, പ്രതിഭാഗത്തിനായി അഡ്വ. ടി ടി ഹിജാസ് എന്നിവരും ഹാജരായി.