ആലപ്പുഴ: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ സർവ്വഗുണ സമ്പന്നനാണെന്നും ആ ഗുണങ്ങൾ തനിക്കുണ്ടാവരുതേയെന്നാണ് പ്രാർഥനയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാത്രിയാകുമ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ചനടത്തുന്നവർ പ്രതിപക്ഷത്തെ പഠിപ്പിക്കാൻ വരേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
ഗവർണർക്കെതിരായ വിമർശനത്തിൽ സർക്കാരിന് അനുകൂലമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. നിയമവിരുദ്ധമായ കണ്ണൂർ വി.സി നിയമനത്തിന് ഗവർണർ ആദ്യം കൂട്ടുനിന്നു. പിന്നീട് നിയമനം തെറ്റാണെന്നു പറഞ്ഞു. തെറ്റാണെന്നു പറഞ്ഞ സ്ഥിതിക്ക് വി.സിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടണമായിരുന്നു. രാജിവെച്ചില്ലെങ്കിൽ പുറത്താക്കാൻ ഗവർണർ തയാറാകണം. ഗവർണറെ പ്രതിപക്ഷം വിമർശിച്ചത് സർക്കാാരിനെ സഹായിക്കാനാണെന്നു പറയാൻ തലതിരിഞ്ഞ ബി.ജെ.പി നേതാക്കൾക്ക് മാത്രമേസാധിക്കൂ.
കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി.മുരളീധരനും കെ.സുരേന്ദ്രനും. ഇവരാണ് പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കാൻ വരുന്നത്. പകൽ മുഴുവൻ പിണറായി വിരോധം പറയുകയും രാത്രിയാകുമ്പോൾ കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പോലീസ് ബി.ജെ.പി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി മുഖ്യമന്ത്രിയുമായി ചർച്ചനടത്തിയ ആളാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ. അദ്ദേഹം പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കേണ്ട.
നിർഗുണനായ പ്രതിപക്ഷ നേതാവെന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രൻ സർവ്വഗുണ സമ്പന്നനായ നേതാവാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും തനിക്കുണ്ടാകരുതേയെന്നാണ് പ്രാർത്ഥിക്കുന്നത്. വായപോയ കോടാലി പോലെ വാലും തലയുമില്ലാതെ ഓരോന്ന് പറയുന്നത് ഏറ്റുപിടിക്കാൻ ബി.ജെ.പിയുടെ മെഗാഫോണല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും.
പിണറായി ഉൾപ്പെടെ ഒരാളോടും വ്യക്തി വിരോധമല്ല യുഡിഎഫിന്റെ സമീപനം. അത് വിഷയാധിഷ്ഠിതവും സർഗാത്മകവുമാണ്. കേരളത്തിൽ നഷ്ടപ്പെട്ട ഇടം നേടിയെടുക്കാനാണ് വർഗീയതയും കൊലപാതകവുമായി സംഘപരിവാർ ശക്തികൾ വരുന്നത്. ഇവർ തിരഞ്ഞെടുപ്പിന് മുൻപ് സി.പി.എമ്മുമായി ധാരണയുണ്ടാക്കി അവർക്ക് വേട്ടുചെയ്ത ആളുകളാണ്. സി.പി.എമ്മാകാട്ടെ എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും കൂട്ടുകൂടും. എന്നാൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ അകറ്റിനിർത്തുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളതെന്നും വി.ഡി സതീശൻ പറഞ്ഞു.
Content Highlights: VD Satheesan,K Surendran