കണ്ണൂര്> മാവേലി എക്സ്പ്രസില് മദ്യപിച്ച് യാത്രചെയ്തയാള്ക്ക് മര്ദ്ദനമേറ്റ സംഭവത്തില് എഎസ്ഐക്കെതിരെ അന്വേഷണം. റെയില്വെ പൊലീസ് കണ്ണൂര് യൂണിറ്റ് എഎസ്ഐ എം സി പ്രമോദിനെതിരെയാണ് അന്വേഷണം. സംഭവത്തെ കുറിച്ച് റെയില്വെ ഡിവൈഎസ്പി (അഡ്മിനിസ്ട്രേഷന്) സുഗതന് അന്വേഷിക്കും. മുപ്പത് ദിവസത്തിനുള്ളില് റിപ്പോര്ട് നല്കാന് റെയില്വെ എസ്പി ചൈത്ര തെരേസ ജോണ് ഉത്തരവിട്ടു.
ഞായറാഴ്ച രാത്രി മംഗളുരുവില് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിലാണ് സംഭവം. രാത്രി 8.45 ഓടെയാണ് മദ്യപിച്ച സംഘം മയ്യഴിയില്നിന്ന് റിസര്വേഷന് കോച്ചായ എസ് -2 വില് കയറിയത്. മദ്യപിച്ച ഇവര് മോശമായി പെരുമാറിയതിനെ തുടര്ന്ന് ട്രെയിനില് ഉണ്ടായിരുന്ന രണ്ട് പെണ്കുട്ടികള് പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി യാത്രാരേഖകള് ആവശ്യപ്പെട്ടെങ്കിലും ഇവര് നല്കാന് കൂട്ടാക്കിയില്ല. ടിടിഇ കുഞ്ഞുമുഹമ്മദെത്തി ഇവരെ പുറത്താക്കാന് ആവശ്യപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര് മാറിയെങ്കിലും ഒരാള് പോയില്ല. ഇതോടെ പൊലീസ് ഇയാളെ നിര്ബന്ധിച്ച് എഴുന്നേല്പിച്ചു. നിര്ബന്ധിച്ച് വാതിലിനടുത്ത് എത്തിച്ചു. പൊലീസിനെ വകവെക്കാതെ നിലത്തിരുന്നപ്പോഴാണ് ചവിട്ടി നീക്കിയത്. ട്രെയിനിലുണ്ടായിരുന്നവര് ചിത്രീകരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
സിറ്റി പൊലീസ് കമ്മീഷണര് ആര് ഇളങ്കോയുടെ നിര്ദേശത്തെ തുടര്ന്ന് സ്പെഷ്യല് ബ്രാഞ്ചും അന്വേഷണം നടത്തി. ടിടിഇ കുഞ്ഞുമുഹമ്മദ് റെയില്വെ അധികൃതര്ക്കും സംഭവത്തെക്കുറിച്ച് റിപ്പോര്ട് നല്കി.