മൂന്നാർ > മൂന്നാർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. തിങ്കളാഴ്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണച്ച സ്ഥാനാർത്ഥികൾ വിജയിച്ചു. യുഡിഎഫ് പക്ഷത്തുനിന്ന് എൽഡിഎഫിലെത്തിയവരാണ് ഇരുസ്ഥാനങ്ങളിലേക്കും വിജയിച്ചത്. പ്രസിഡന്റായി പ്രവീണ രവികുമാറും വൈസ് പ്രസിഡന്റായി എം രാജേന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും ആകെയുള്ള 21 ൽ 12 വോട്ടുവീതം കിട്ടി. യുഡിഎഫിന്റെ സ്ഥാനാർത്ഥികൾക്ക് ഒമ്പത് വോട്ട് വീതമേ ലഭിച്ചുള്ളൂ. കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ദീപ രാജ്കുമാറും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാർഷ് പീറ്ററുമാണ് മത്സരിച്ചത്.
എൽഡിഎഫിന് 10 ഉം യുഡിഎഫിന് 11 ഉം ആയിരുന്നു നേരത്തെ കക്ഷിനില. രണ്ടു കോൺഗ്രേസ് അംഗങ്ങൾ എൽഡിഎഫിന് ഒപ്പം എത്തിയതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.
അവിശ്വാസപ്രമേയത്തിലൂടെയാണ് യുഡിഎഫ് പ്രതിനിധികളായ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കഴിഞ്ഞ ദിവസം പുറത്താക്കിയത്.