തിരുവനന്തപുരം: കേരളത്തിലെ പട്ടം പറത്തൽ, കൈറ്റ് സർഫിങ് സാധ്യതകളെ പറ്റി പഠിക്കാനെത്തിയ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബ് കൈറ്റേഴ്സ് സംഘടനയുടെ പ്രതിനിധികൾ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഓഫീസിൽ സന്ദർശിച്ചു.
കേരളത്തിൽ കൈറ്റ് സർഫിങ്, പട്ടംപറത്തൽ എന്നിവയുടെ സാധ്യതകൾ പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ബേപ്പൂർ ഫെസ്റ്റിന്റെ ഭാഗമായി പട്ടംപറത്തൽ, കൈറ്റ് സർഫിങ് എന്നിവ സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റിൽ കൈറ്റ്സ് ഇനങ്ങൾ വിജയകരമായി സംഘടിപ്പിക്കപ്പെട്ട വാർത്തയാണ് സംഘത്തെ ആകർഷിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതി പ്രത്യേകിച്ച് പട്ടംപറത്തലിനും കൈറ്റ്സ് സർഫിഗിനും മികച്ച സാധ്യതയുള്ളതാണെന്ന് സംഘം അഭിപ്രായപ്പെട്ടു.
കേരളത്തിൽ കൈറ്റ് സർഫിംങ്, പട്ടംപറത്തൽ എന്നിവയുടെ സാധ്യതകളെ പറ്റി പൂർണമായ പദ്ധതി രൂപരേഖ ഉണ്ടാക്കുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തുടർചർച്ചകൾ നടത്തി പദ്ധതിയുമായി മുന്നോട്ടുപോകാൻടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വൺ ഇന്ത്യ കൈറ്റ് ടീം പ്രതിനിധിയും കേരളത്തിലെ പട്ടംപറത്തൽ മത്സരങ്ങളുടെ മുഖ്യ സംഘാടകനുമായ അബ്ദുള്ള മാളിയക്കലും സംഘത്തിനൊപ്പമുണ്ടായിരുന്നു.
Content Highlights: PA Mohammed Riyas,kite flying,Kitesurfing