പൊന്നാനി: പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. വെള്ളിയാഴ്ച മീൻ പിടിക്കാനായി പോയ ഇവരുടെ വള്ളം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ചെറിയ ഫൈബർ വള്ളത്തിലാണ് ഇവർ പോയത്. അതുകൊണ്ടുതന്നെ കൂടുതൽ ഉൾക്കടലിലേക്ക് പോകാനുള്ള സാധ്യത വിരളമായതിനാൽ തീരത്തോട് ചേർന്ന മേഖലകളിലാണ് തിരച്ചിൽ നടത്തുന്നത്. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്ടറും ഉൾപ്പടെ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ, നാസർ എന്നിവരെയാണ് കടലിൽ കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മത്സ്യബന്ധനത്തിനായി ഒ.വി.എം എന്ന ചെറിയ ഫൈബർ വള്ളത്തിൽ ഇവർ പുറപ്പെടുന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽശനിയാഴ്ച ഏറെ വൈകിയിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണ് വള്ളത്തിന്റെ ഉടമയും കാണാതായവരുടെ ബന്ധുക്കളും ഫിഷറീസ് വകുപ്പിനെ സമീപിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Content Highlights:search operations on full swing for finding missing fishermen at ponnani