ഡിലിറ്റ് വിഷയത്തിൽ അഭിപ്രായം പറയാൻ പാടില്ലെന്ന് താൻ പറയില്ല. എന്നാൽ ഏകീകൃത അഭിപ്രായം താൻ പറഞ്ഞതാണ്. കെപിസിസി പ്രസിഡൻ്റും അക്കാര്യം പറഞ്ഞിട്ടുണ്ട്. അതാകും കോൺഗ്രസിൻ്റെ അഭിപ്രായമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ നേതാക്കളുമായി ചർച്ച നടത്തിയാണ് അഭിപ്രായം പറഞ്ഞത്. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുവരെ ഒരു കാര്യത്തിലും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒരു അഭിപ്രായം മാത്രമേ പറയാറുള്ളൂ. രമേശ് ചെന്നിത്തല മുൻ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിർന്ന നേതാക്കളിൽ ഒരാളുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡിലിറ്റ് വിവാദത്തിൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിസമ്മതിച്ചതാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനമെന്ന ഗുരുതര ആരോപണമാണ് രമേശ് ചെന്നിത്തല നടത്തിയത്. സർക്കാരിൻ്റെ ഇടപെടൽ കൊണ്ടാണോ രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദേശം സർവകലാശാല തള്ളിയതെന്ന് ചെന്നിത്തല ചോദിച്ചിരുന്നു.
കണ്ണൂർ വിസി നിയമനം നിയമവിരുദ്ധമെങ്കിൽ പുറത്താക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. “തെറ്റ് സംഭവിച്ചെന്ന് ഗവർണർ തന്നെ പറഞ്ഞിരിക്കുകയാണ്. ഗവർണർ വിമർശനത്തിന് അതീതനല്ല. സർക്കാർ നിർബന്ധിക്കുമ്പോൾ അതിനനുസരിച്ച് പ്രവർത്തിച്ച അദ്ദേഹം കുറ്റക്കാരനാണ്. അതിനാൽ സർക്കാരിനെയും ഗവർണറെയും വിമർശിക്കും. പ്രസിഡന്റിന് ഡി ലിറ്റ് നൽകണമെന്ന് ഗവർണർക്ക് പറയാമെന്നും എന്നാൽ വിസിയുടെ ചെവിയിൽ സ്വകാര്യമായി പറയേണ്ടതല്ലെന്നും നടപടികൾ പാലിച്ച് ചെയ്യണം” – എന്നും അദ്ദേഹം പറഞ്ഞു.