തിരുവനന്തപുരം: മന്നം ജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധിയാക്കാത്തതിലുള്ള അതൃപ്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പ്രകടിപ്പിച്ചു. എൻഎസ്എസിനെ അവഗണിക്കുന്നവർ മന്നത്തെ നവോത്ഥാന നായകരാക്കി ചിത്രം ഉയർത്തിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്നം ജയന്തി പൊതു അവധി ആക്കണമെന്നുള്ള ആവശ്യം ദീർഘകാലമായി എൻഎസ്എസ് ഉന്നയിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്നം ജയന്തി പൊതു അവധി ആയി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്സമ്പൂർണ്ണ അവധി എന്നുള്ള കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് ശുപാർശ നൽകേണ്ടത്.
15 പൊതു അവധികളാണ് നിലവിലുള്ളത്. അതിൽ കൂടുതൽ അവധികൾ നൽകുന്നതിന് പരിമിതിയുണ്ടെന്നും പ്രത്യേക അനുമതി ആവശ്യമുണ്ടെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ സർക്കാരിന്റെ ശുപാർശ വന്നാൽ കാര്യങ്ങൾ എളുപ്പമാകും എന്നാണ് എൻഎസ്എസ് പറയുന്നത്.
145ാം മന്നം ജയന്തി ദിനത്തിൽ ഈ വിഷയമാണ് പ്രധാനമായും എൻഎസ്എസ് സർക്കാരിനെതിരെ ഉന്നയിക്കുന്നത്. ഇതോടൊപ്പം തന്നെ മന്നത്ത് പത്മനാഭനെ അല്ലെങ്കിൽ എൻഎസ്എസിനെ അവഗണിക്കുന്ന ആളുകൾ മന്നത്തിന്റെ ചിത്രം സമ്മേളനങ്ങളിലുൾപ്പെടെയുള്ള പല വേദികളിലും ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാരുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും എന്ന് കരുതുന്നു എന്ന് എൻഎസ്എസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്.
Content Highlights:G Sukumaran Nair against government on Mannam jayanthi Holiday issue