തിരുവനന്തപുരം > സംസ്ഥാന ബജറ്റിന്റെ മുന്നൊരുക്കം പ്രതിസന്ധിയിലാക്കി കേന്ദ്ര സർക്കാരിന്റെ അനങ്ങാപ്പാറനയം. വരുമാനസാധ്യതയുള്ള കേന്ദ്ര സഹായം നിലനിർത്താനോ അധിക വിഭവസമാഹരണം ഉറപ്പാക്കാനോ നടപടിയെടുക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ജിഎസ്എടി നഷ്ടപരിഹാരംമാത്രം 11,158 കോടി ഈ സാമ്പത്തികവർഷം കിട്ടാനുണ്ട്. കോവിഡ് സാഹചര്യത്തിൽ നഷ്ടപരിഹാരവ്യവസ്ഥ അഞ്ചുവർഷംകൂടി നീട്ടുന്നതിലും മറുപടിയില്ല.
കേന്ദ്രത്തിന് അധിക ബാധ്യതയില്ലാതെ സെസ് വഴിയാണ് ഈ തുക സമാഹരിക്കുന്നത്. നികുതിവിഹിതത്തിലെ കുറവ് പരിഹരിക്കാൻ കേന്ദ്ര ധനകമീഷൻ അനുവദിച്ച സഹായത്തിൽ അടുത്ത സാമ്പത്തികവർഷം 6700 കോടി രൂപ കുറയും. 5000 കോടിയുടെ പ്രത്യേക മേഖലാ സഹായവും ഉണ്ടാകില്ല. നികുതിവിഹിതം വെട്ടിക്കുറച്ചതും സംസ്ഥനത്തിന്റെ വരുമാനം കുറയ്ക്കും. നിലവിലെ കമീഷൻ ശുപാർശയിൽ ഈ സാമ്പത്തികവർഷം അനുവദിച്ചത് 1.943 ശതമാനം. ഇതിന്റെമാത്രം സാമ്പത്തികനഷ്ടം 3800 കോടിയായിരിക്കുമെന്നാണ് ബജറ്റിൽ പറഞ്ഞത്. അടുത്തവർഷംമുതൽ 1.925 ശതമാനമേ ഉണ്ടാകൂ. നഷ്ടം 6400 കോടിയായി ഉയരും. ഇതോടെ 33,000 കോടിയുടെ സഹായനഷ്ടമാണ് സംസ്ഥാനം സഹിക്കേണ്ടിവരിക.
തയ്യാറെടുപ്പ് തുടങ്ങി
കേന്ദ്രനയത്തിൽ അവ്യക്തത തുടരുമ്പോഴും സംസ്ഥാന ബജറ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. അക്കാദമിക വിദഗ്ധർ, വ്യാപാരി വ്യവസായ മേഖലയുടെ പ്രതിനിധികൾ, വകുപ്പുതലവന്മാർ, ഗവേഷക സ്ഥാപന മേധാവികൾ, കർഷക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. സർവകലാശാല വൈസ് ചാൻസലർമാർ, യുവജന, മഹിളാ മേഖലകളിലെ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ നേതൃത്വം ഉൾപ്പെടെ വിഭാഗങ്ങളുമായും ചർച്ച നടത്തും.
കോവിഡ് സൃഷ്ടിച്ച വരുമാന ചോർച്ച മറികടക്കുന്ന പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നതാകും ബജറ്റ്. കൃഷിയും അനുബന്ധവും, ടൂറിസം, എംഎസ്എംഇ മേഖലകളെ കൂടുതൽ തൊഴിൽദായകമാക്കുന്ന പദ്ധതികൾ പ്രതീക്ഷിക്കാം. വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തെ വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യുന്നതിനുള്ള അടിത്തറയും ഒരുക്കും.
അടുത്ത വാർഷികപദ്ധതിക്ക് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ആസൂത്രണ ബോർഡ് അന്തിമ രൂപം നൽകും. നടപ്പുവർഷം 27,610 കോടി രൂപയാണ് അടങ്കൽ. ഇതിന്റെ പത്തു ശതമാനംവരെ വ്യതിയാനം വരുന്നതാകാം പുതിയ പദ്ധതി. ഫെബ്രുവരി ആദ്യം ബജറ്റ് അവതരിപ്പിച്ചേക്കും.