കൊട്ടാരക്കര / പാലക്കാട് > സിപിഐ എം കൊല്ലം, പാലക്കാട് ജില്ലാ സമ്മേളനങ്ങൾ ഞായറാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും. കൊല്ലം സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള പൊതുചർച്ച പൂർത്തിയായി.
ഞായറാഴ്ച ജില്ലാ കമ്മിറ്റി, സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കും. വൈകിട്ട് 4.30ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജങ്ഷനിലെ ഇ കാസിം നഗറിൽ (അമ്പലക്കര മൈതാനം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. കേന്ദ്രകമ്മറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. ടി എം തോമസ് ഐസക്ക്, പി കെ ശ്രീമതി, എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം എം മണി, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, കെ എൻ ബാലഗോപാൽ എന്നിവർ പങ്കെടുക്കും.
പാലക്കാട് സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പൊതുചർച്ച പൂർത്തിയായി. 45 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിൽ സി കെ രാജേന്ദ്രനും സംഘടനാ റിപ്പോർട്ടിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മറുപടി പറഞ്ഞു. ഞായറാഴ്ച ജില്ലാ കമ്മിറ്റി, സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കും. വൈകിട്ട് ടി എം അബൂബക്കർ, എം നാരായണൻ നഗറിൽ (കോട്ടമൈതാനം) പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, എ കെ ബാലൻ, എം സി ജോസഫൈൻ, കെ കെ ശൈലജ, എളമരം കരീം, കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ എന്നിവരും പങ്കെടുക്കും.