തിരുവനന്തപുരം > ഡിസിസി പുനഃസംഘടനയ്ക്കുള്ള കെപിസിസിയുടെ മാർഗരേഖയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. നിലവിലെ ഭാരവാഹികളിലും നിർവാഹകസമിതി അംഗങ്ങളിലും പകുതിപ്പേർ പുറത്താകും. 50 ശതമാനം യുവജനങ്ങളും പുതുമുഖങ്ങളും വേണമെന്നാണ് മാർഗരേഖ. ഇത് ചോദ്യംചെയ്ത് മുതിർന്ന ഡിസിസി ഭാരവാഹികളും ഗ്രൂപ്പുകളും രംഗത്തുവന്നു.
കഴിവും പ്രവർത്തനമികവുമുള്ളവരെ നിലനിർത്തിയാൽ മതിയെന്നാണ് നിർദേശം. കഴിവുള്ളവരെ കണ്ടെത്താൻ കെപിസിസിയുടെ പക്കൽ അളവുകോലുണ്ടോയെന്നാണ് മുതിർന്ന നേതാക്കളുടെ ചോദ്യം. നിശ്ചിത കാലയളവ് ഭാരവാഹിത്വം വഹിച്ചവരെ മാറ്റിനിർത്തണമെന്ന തീരുമാനം കടുത്ത എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. മാർഗരേഖയുടെ പകർപ്പ് രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ എന്നിവർക്ക് കൈമാറി. നാലിനു ചേരുന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ വിയോജിപ്പ് അറിയിക്കാനാണ് ഗ്രൂപ്പുനേതാക്കളുടെ തീരുമാനം. നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരുമായി ആലോചിച്ച് ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർ പാനൽ തയ്യാറാക്കി കൈമാറണം.
ജില്ലകളിൽ ഒന്നുവീതം ബ്ലോക്കിലും നിയോജകമണ്ഡലത്തിലും വനിതകളെ അധ്യക്ഷസ്ഥാനത്തു കൊണ്ടുവരണം. തദ്ദേശസമിതി പ്രസിഡന്റുമാർ, സഹകരണ ബാങ്ക് ജീവനക്കാർ തുടങ്ങിയവരെ പരിഗണിക്കരുത്. ഒരാൾക്ക് ഒരു പദവി തത്വം നടപ്പാക്കണം. വനിതകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ഡിസിസി ഭാരവാഹിത്വത്തിൽ പ്രാതിനിധ്യം നൽകണമെന്ന നിർദേശവുമുണ്ട്.